കൊച്ചി∙ നൂറുകണക്കിനുപേർക്ക് പണം നഷ്ടമായ പാതിവില
കേസിലെ അന്വേഷണം പാതിവഴിയിൽ അവസാനിക്കുമോ? കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചിരുന്ന കൊച്ചി ക്രൈംബ്രാഞ്ച് എസ്പി എം.ജെ.സോജനെ വിജിലന്‍സ് സ്പെഷല്‍ എസ്പിയായി മാറ്റി നിയമിക്കുകയും ചെയ്തു.
കേസ് ഇനി അതത് ക്രൈംബ്രാഞ്ച് യൂണിറ്റുകള്‍ അന്വേഷിച്ചാല്‍ മതിയെന്നാണ് സർക്കാർ തീരുമാനം.
കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നാണ് പാതിവില തട്ടിപ്പ്.
പകുതി വിലയ്ക്ക് സ്കൂട്ടർ, തയ്യൽ മെഷീൻ, കാര്‍ഷിക ഉപകരണങ്ങൾ തുടങ്ങിയ സാധനങ്ങൾ നൽകാമെന്നു പറഞ്ഞ് സീഡ് സൊസൈറ്റികൾ വഴിയും വിവിധ എൻജിഒകൾ വഴിയും കോടിക്കണക്കിനു രൂപ പിരിച്ചിരുന്നു. എന്നാൽ വളരെക്കുറച്ചു പേർക്കു മാത്രമേ ഈ സാധനങ്ങൾ നൽകാൻ കഴിഞ്ഞുള്ളൂ.
തുടര്‍ന്ന് തട്ടിപ്പിനു നേതൃത്വം നൽകിയ അനന്തു കൃഷ്ണൻ, നാഷനൽ എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ കെ.എൻ. ആനന്ദകുമാർ അടക്കമുള്ളവർ അറസ്റ്റിലായി.
ഇതുവരെ 1400 കേസുകളാണ് സംസ്ഥാനത്തുടനീളം റജിസ്റ്റർ ചെയ്തിട്ടുള്ളത്.
500 കോടി രൂപയാണു തട്ടിച്ചത് എന്നാണു കണക്കെങ്കിലും കേരളമൊട്ടാകെ പിരിച്ചെടുത്ത തുക ഇതിന്റെ പലമടങ്ങു വരുമെന്നാണു സൂചനകൾ. ചില കേസുകളിൽ അനന്തു കൃഷ്ണനു ജാമ്യം ലഭിച്ചെങ്കിലും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
ആരോഗ്യപ്രശ്നത്തിന്റെ പേരിൽ ആനന്ദകുമാർ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും ജാമ്യത്തിനായി സമീപിച്ചെങ്കിലും ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല.
ഭൂരിഭാഗവും സ്ത്രീകളാണു തട്ടിപ്പിനിരയായത്. വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചു.
എം.ജെ.സോജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇക്കണോമിക് ഒഫൻസ് വിങ്, ക്രൈംബ്രാഞ്ച് യൂണിറ്റുകൾ, ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ്, സൈബർ വിഭാഗം തുടങ്ങിയവയിൽനിന്നുള്ള 80 പേരാണ് ഉൾപ്പെട്ടിരുന്നത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി റജിസ്റ്റർ ചെയ്തിട്ടുള്ള 34 കേസുകള്‍ 12 ടീമുകളായി തിരിഞ്ഞ് അന്വേഷിക്കാനായിരുന്നു പ്രത്യേകാന്വേഷണ സംഘത്തിന്റെ തീരുമാനം.
ഇക്കഴിഞ്ഞ ഏപ്രിലിൽ ആനന്ദ കുമാറിന്റെ ജാമ്യ ഹർജി പരിഗണിക്കുന്ന വേളയിൽ ഹൈക്കോടതിയിൽ അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് അന്വേഷണ സംഘം സമർപ്പിച്ചിരുന്നു.
ആനന്ദ കുമാറിന് ജാമ്യം നൽകരുതെന്നും ഒട്ടേറെ കേസുകളിൽ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്നുമായിരുന്നു സംഘത്തിന്റെ ആവശ്യം. അതിനിടെയാണ് പ്രത്യേകാന്വേഷണ സംഘത്തെ തന്നെ പിരിച്ചുവിടുന്നതും സംഘത്തലവനെ വിജിലന്‍സ് വിഭാഗത്തേിലേക്ക് മാറ്റുന്നതും.
ഒട്ടേറെ കേസുകളാണ് പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഉള്ളത് എന്നതിനാല്‍ വ്യത്യസ്ത യൂണിറ്റുകൾ അന്വേഷിക്കുന്നതു വഴി അന്വേഷണം ദുർബലമാകാൻ സാധ്യതയുണ്ടെന്ന ആരോപണങ്ങളും ഉയർന്നു കഴിഞ്ഞു.
പരസ്പരവിരുദ്ധമായ റിപ്പോർട്ടുകള്‍ സമർപ്പിക്കപ്പെട്ടാൽ കോടതിയിലും കേസ് നിലനിൽക്കില്ല. നിലവിൽ ഒരു കേസിലും പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
കേസിൽ അന്വേഷണ പുരോഗതിയല്ലെന്ന് ആരോപിച്ചു പാതിവില തട്ടിപ്പിൽ പണം നഷ്ടമായവർ ഉത്രാട ദിവസം അനന്തു കൃഷ്ണന്റെ തൊടുപുഴ മുട്ടം ശങ്കരപ്പിള്ളിയിലുള്ള വീട്ടിലേക്കു പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]