
ദോഹ: ഖത്തർ മ്യൂസിയത്തിന് കീഴിലുള്ള തസ്വീർ ഫോട്ടോ ഫെസ്റ്റിവൽ ഖത്തർ 2025 അവാർഡുകൾക്കായി നോമിനേഷൻ ക്ഷണിച്ചു. പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കയിലും താമസിക്കുന്ന 18 തികഞ്ഞ ഫോട്ടോഗ്രാഫർമാർക്ക് അവാർഡിനായി അപേക്ഷിക്കാം.
ഫോട്ടോഗ്രാഫർമാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നൽകുന്ന അവാർഡിന് പുറമെ പുതിയ അവസരങ്ങൾ, മികച്ച തൊഴിലവസരങ്ങൾ, ശാസ്ത്രീയ പഠനങ്ങൾ എന്നിവക്കുള്ള സാഹചര്യവും ലഭ്യമാകും. ആഗസ്ത് ഒന്നുമുതൽ സെപ്റ്റംബർ 20 വരെയാണ് അപേക്ഷ നൽകേണ്ട
സമയപരിധി. ഫോട്ടോഗ്രാഫിയിലൂടെ വലിയ കൂട്ടായ്മ വളർത്തിയെടുക്കുന്നതിനൊപ്പം വ്യക്തിപരമായ വളർച്ചയും തൊഴിൽപരമായ മുന്നേറ്റവും ഉറപ്പാക്കാനുള്ള വേദിയായി പുരസ്ക്കാരത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് തസ്വീർ ഫോട്ടോ ഫെസ്റ്റിവൽ ഡയറക്ടർ ഖലീഫ അൽ ഒബൈദ്ലി പറഞ്ഞു.
വിശാലമായ കലാസമൂഹവുമായി ഇടപഴകാനും അന്താരാഷ്ട്ര അംഗീകാരം നേടാനും അവസരം നൽകുകയും ഒപ്പം പരസ്പര സഹകരണത്തിലൂന്നിയുള്ള സൃഷ്ടിപരമായ മുന്നേറ്റത്തിനും അവാർഡ് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 2025 ലെ തസ്വീർ അവാർഡിൽ തസ്വീർ സിംഗിൾ ഇമേജ് അവാർഡ്, തസ്വീർ പ്രോജക്ട് അവാർഡ് എന്നീ രണ്ട് വിഭാഗങ്ങൾ ഉൾപ്പെടുന്നു.
തസ്വീർ സിംഗിൾ ഇമേജ് അവാർഡിന് ഒരു വ്യക്തിഗത അനുഭവമോ വിവരണമോ നൽകുന്ന ഒരൊറ്റ ഫോട്ടോഗ്രാഫിക് ചിത്രമാണ് സമർപ്പിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഫോട്ടോഗ്രാഫർക്കും 2,000 റിയാൽ ക്യാഷ് പ്രൈസ് ലഭിക്കും.
കൂടാതെ തസ്വീർ എക്സിബിഷനുകളിൽ ഈ സൃഷ്ടികൾ പ്രദർശിപ്പിക്കും. തസ്വീർ പ്രോജക്ട് അവാർഡിനായി, ഫോട്ടോഗ്രാഫർമാർക്ക് ഒരു ഫോട്ടോഗ്രാഫിക് പ്രോജക്റ്റ് തുടങ്ങുന്നതിനും തയ്യാറാക്കുന്നതിനും 30,000 റിയാൽ ഗ്രാന്റ് ലഭിക്കും.
ഇതിനുപുറമെ 2027 ലെ തസ്വീർ ഫോട്ടോ ഫെസ്റ്റിവലിന്റെ നാലാം പതിപ്പിൽ ഫോട്ടോ പ്രദർശനത്തിനുള്ള അവസരവും ലഭിക്കും. ഒപ്പം നേരിട്ടും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനുള്ള സൗകര്യവും ലഭ്യമാകും.
വിശദ വിവരങ്ങളും അപേക്ഷിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും tasweer.org.qa. എന്ന സൈറ്റിൽ ലഭ്യമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]