
ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിങ്ങ് വഴി ലാഭം വാഗ്ദാനം ചെയ്ത് 70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പുന്നപ്ര സ്വദേശിയായ യുവാവ് അറസ്റ്റിൽ. പുന്നപ്ര നോർത്ത് ആറാട്ടുകുളം വീട്ടിൽ പ്രവീൺ ദാസിനെ (26) ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.
വെൺമണി സ്വദേശിയായ നഴ്സിനെയാണ് പ്രതി തട്ടിച്ചതെന്ന് പൊലീസ് പറയുന്നു. ഓൺലൈൻ ഷെയർ ട്രേഡിങ്ങ് കമ്പനിയുടെ പേരിൽ സ്വയം പ്രതിനിധിയായി പരിചയപ്പെടുത്തിയാണ് നഴ്സിനെ യുവാവ് സമീപിച്ചത്.
ലാഭം ഉറപ്പുള്ള നിക്ഷേപം എന്ന പേരിൽ വ്യാജ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. പരാതിക്കാരിയിൽ നിന്നും 28 തവണയായി 70,75,435 രൂപയാണ് പ്രതി കൈവശപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ചെക്കുകൾ മുഖേനയാണ് പണം പിൻവലിച്ചത്. എറണാകുളം സ്വദേശി രാഹുലിന് പിന്നീട് പണം കൈമാറിയെന്നാണ് പ്രതിയുടെ മൊഴി.
രാഹുലിനെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. താൻ തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കിയ പരാതിക്കാരി സൈബർ ക്രൈം പോർട്ടൽ വഴിയും 1930 ടോൾ ഫ്രീ നമ്പർ വഴിയും പരാതി നൽകുകയായിരുന്നു.
തുടർന്നാണ് പൊലീസ് ഇടപെട്ടത്. പ്രതിയെ പിടികൂടിയ പൊലീസ് ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.
എസ്എച്ച്ഒ ഏലിയാസ് പി ജോർജ്ജ്, എസ്ഐ ശരത്ചന്ദ്രൻ വി എസ്, സിവിൽ പൊലീസുകാരായ ഗിരീഷ് എസ് ആർ, അഖിൽ ആർ, ജേക്കബ് സേവ്യർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
തെലങ്കാനയിലെ സൈബരാബാദ് സൈബർ പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരേ കേസ് നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]