
5ാം ക്ലാസുകാരനെ അടിച്ച അധ്യാപകനെ സ്കൂളിൽ കയറി അടിച്ച് മാതാപിതാക്കൾ; രക്ഷിക്കാനെത്തിയ അധ്യാപകർക്കും വടി കൊണ്ട് അടി
പട്ന ∙ ബിഹാറിലെ ഗയ ജില്ലയിൽ വിദ്യാർഥിയെ അടിച്ച അധ്യാപകനെ മാതാപിതാക്കൾ സ്കൂളിൽ കയറി അടിച്ചു. രാകേഷ് രഞ്ജൻ ശ്രീവാസ്തവ എന്ന അധ്യാപകനാണ് മർദനമേറ്റത്.
അഞ്ചാം ക്ലാസ് വിദ്യാർഥികൾ തമ്മിൽ പരസ്പരം വഴക്കിട്ടപ്പോൾ ഇതുകണ്ട മറ്റൊരു വിദ്യാർഥി അധ്യാപകനോടു പരാതിപ്പെട്ടു.
രാകേഷ് രഞ്ജൻ ശ്രീവാസ്തവ ക്ലാസിലേക്കു പോയി കുട്ടികൾ തമ്മിലുള്ള വഴക്ക് നിർത്തി ഇരുവരെയും അടിച്ചു. രണ്ട് കുട്ടികളും തൽക്ഷണം ശാന്തരായപ്പോൾ, ഇതിൽ ഒരാൾ സ്കൂളിൽ നിന്ന് ഓടിപ്പോയി അധ്യാപകൻ തന്നെ അടിച്ചതായി തന്റെ വീട്ടിൽ പറഞ്ഞു.
ഇതിനുപിന്നാലെ, ക്ലാസ് നടക്കുമ്പോൾ വിദ്യാർഥിയുടെ മാതാപിതാക്കൾ സ്കൂളിലെത്തി ബഹളം വച്ചു. രാകേഷ് രഞ്ജനെ തിരഞ്ഞ മാതാപിതാക്കൾ ഇയാളെ കണ്ടതോടെ അടിച്ചു.
കയ്യിൽ കരുതിയ വടി കൊണ്ടായിരുന്നു അടി. അധ്യാപകനെ രക്ഷിക്കണമെന്ന് വനിതാ അധ്യാപികമാർ മാതാപിതാക്കളോട് അപേക്ഷിച്ചെങ്കിലും ഇടപെടാൻ ശ്രമിച്ച അധ്യാപകരെയും ഇവർ മർദിച്ചു.
സ്കൂൾ പരിസരത്ത് പരിഭ്രാന്തി പരന്നതോടെ, വിദ്യാർഥികൾ ഓടി സുരക്ഷിതമെന്ന് തോന്നുന്നിടത്ത് ഒളിച്ചു.
പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതി ശാന്തമാക്കിയത്. രാകേഷ് രഞ്ജനെയും പരുക്കേറ്റ മറ്റൊരു അധ്യാപകൻ ധർമ്മേന്ദ്ര കുമാറിനെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപകരുടെ പരാതിയിൽ പൊലീസ് മാതാപിതാക്കൾക്കെതിരെ കേസെടുത്തു.
ആക്രമണം വിദ്യാഭ്യാസ സമ്പ്രദായത്തിനു നേരെയുള്ള ആക്രമണമാണെന്ന് സ്കൂളിലെ പ്രധാന അധ്യാപകൻ പങ്കജ് കുമാർ പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസവും അധ്യാപകരുടെ സുരക്ഷയും വളരെ പ്രധാനമാണെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് @AdvSumitGuru എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]