
‘സർക്കാർ ഒപ്പം; മകന് ജോലി നൽകുന്നത് പരിഗണിക്കും’: ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ ഗവ.മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ വീട്ടിൽ ആരോഗ്യമന്ത്രി സന്ദർശനം നടത്തി. കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു. സർക്കാർ ഒപ്പമുണ്ടാകുമെന്ന് അറിയിച്ചു. മകന് പഠനത്തിനനുസരിച്ച് ജോലി നൽകണമെന്ന് കുടുംബം അഭ്യർഥിച്ചു. പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.
സർക്കാർ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും ധനസഹായത്തിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കെട്ടിടം തകർന്നതു സംബന്ധിച്ച് രണ്ട് അന്വേഷണമാണ് നടക്കുന്നതെന്ന് കലക്ടർ പറഞ്ഞു. ധനസഹായം സംബന്ധിച്ച റിപ്പോർട്ട് തിങ്കളാഴ്ച കൈമാറും. അപകടത്തെ സംബന്ധിച്ച പ്രാഥമിക അന്വേഷണം നടത്തി. ഒരു അന്വേഷണം കൂടി നടത്തും. കെട്ടിടത്തിന്റെ രേഖകൾ പഞ്ചായത്തിൽനിന്ന് ശേഖരിക്കണം. അതെല്ലാം ഉൾപ്പെടുത്തി ബൃഹത്തായ റിപ്പോർട്ട് നൽകും. ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കുമെന്നും കലക്ടർ പറഞ്ഞു.
ചികിത്സയിലുള്ള മകൾക്ക് കൂട്ടിരിക്കാനെത്തിയപ്പോഴാണ് ബിന്ദു കെട്ടിടം തകർന്നു മരിച്ചത്. 5 പേർക്കു പരുക്കേറ്റു. സുരക്ഷിതമല്ലെന്നു 12 വർഷംമുൻപു പൊതുമരാമത്തുവകുപ്പ് റിപ്പോർട്ട് നൽകിയ കെട്ടിടത്തിൽ സർജിക്കൽ ബ്ലോക്ക് അടക്കം പ്രവർത്തിച്ചിരുന്നു. ആരോഗ്യമന്ത്രി വന്നു തള്ളിയിട്ടതു കൊണ്ടല്ല കെട്ടിടം തകർന്നതെന്നായിരുന്നു ഇന്നലെ മന്ത്രി വി.എൻ.വാസവന്റെ പ്രതികരണം. ആരോഗ്യമന്ത്രിയുടെ രാജി വാങ്ങിയിട്ടു വേണം മുഖ്യമന്ത്രി വിദേശ ചികിത്സയ്ക്കു പോകാനെന്ന പ്രതിപക്ഷത്തിന്റെ പറച്ചിൽ ശരിയല്ല. ഒരു പ്രശ്നമുണ്ടായാൽ മന്ത്രിയുടെ രാജിയാണോ പോംവഴിയെന്നും വാസവൻ ചോദിച്ചു.