തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ പ്രഖ്യാപിച്ച പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് വലിയ ജനപിന്തുണ ലഭിക്കുന്നതായി റിപ്പോർട്ടുകൾ.
‘വി ദ് ലീഡേഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് താൽപ്പര്യം പ്രകടിപ്പിച്ചത്. വെള്ളിയാഴ്ച ബിജെപിയിൽ നിന്ന് പടിയിറങ്ങിയതിന് ശേഷം പുതിയ പ്രസ്ഥാനം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന്റെ എട്ട് മണിക്കൂറുകൾക്കുള്ളിൽ 8 ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകർ ഇതിൽ അംഗങ്ങളായി.
‘വി ദ ലീഡേഴ്സ്’ എന്ന ഓൺലൈൻ പ്ലാറ്റ്ഫോം വഴി നടത്തിയ രജിസ്ട്രേഷനിൽ 8,68,676 പേർ ഇതിനകം ഭാഗമായിക്കഴിഞ്ഞു. നിരവധി ബിജെപി പ്രവർത്തകരും അണ്ണാമലൈയുടെ പുതിയ പാത പിന്തുടർന്ന് പാർട്ടി വിട്ടു.
സാധാരണക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന രാഷ്ട്രീയം കെട്ടിപ്പടുക്കുകയെന്നതാണ് തന്റെ പുതിയ മുന്നേറ്റത്തിന്റെ ലക്ഷ്യമെന്ന് അണ്ണാമലൈ വ്യക്തമാക്കി. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘എപിജെ അബ്ദുൾ കലാം സെന്റർ ഫോർ എത്തിക്സ് ആൻഡ് പൊളിറ്റിക്സ്’ ഈ പ്രസ്ഥാനത്തിന് കീഴിലുള്ള ഒരു സ്ഥാപനമായി പ്രവർത്തിക്കും.
2020-ൽ ഐപിഎസ് ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള ഔദ്യോഗിക പദവി രാജിവെച്ചാണ് അണ്ണാമലൈ ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ 18 മാസമായി ബിജെപിയുമായി നിലനിന്നിരുന്ന അഭിപ്രായഭിന്നതകളാണ് ഒടുവിൽ രാജിയിലേക്ക് നയിച്ചത്.
“ഇന്ത്യക്കാരനോ തമിഴനോ എന്ന ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നും ഇന്ന് മുതൽ പുതിയ വഴിയാണെന്നും” അണ്ണാമലൈ രാജിക്ക് ശേഷം വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് തന്റെ പ്രവർത്തനമെന്നും അദ്ദേഹം സൂചിപ്പിച്ചു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കാനാണ് പ്രസ്ഥാനം ലക്ഷ്യമിടുന്നത്. തമിഴ് സിനിമാ താരം രജനികാന്തിന്റെ ആശീർവാദത്തോടെയാണ് പുതിയ രാഷ്ട്രീയ പരീക്ഷണത്തിന് തുടക്കമിടുന്നതെന്ന് അണ്ണാമലൈ വെളിപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

