
തിരുവനന്തപുരം: നന്തൻകോട് ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് ചുട്ടരിച്ച കേസിലെ വിധി പ്രസ്താവിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു. കേദൽ ജിൻസൺ രാജയാണ് കേസിലെ ഏകപ്രതി. കേദലിന്റെ മാതാപിതാക്കളായ ഡോ. ജീൻ പദ്മ, ഭർത്താവ് റിട്ട. പ്രൊഫ. രാജ തങ്കം, സഹോദരി കരോലിൻ, ഡോക്ടറുടെ ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകങ്ങൾക്ക് പിന്നിൽ കുടുംബത്തോടുള്ള കേദൽ ജിൻസൻ രാജയുടെ പകയെന്നാണ് കേസ്.
പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാരുടെ സംഘം റിപ്പോർട്ട് നൽകിയതോടെയാണ് വിചാരണ തുടങ്ങിയത്. കൂട്ടകൊലപാതകം നടന്ന് എട്ടു വർഷത്തിന് ശേഷമാണ് നാടിനെ നടുക്കിയ സംഭവത്തിൽ വിധി പ്രസ്താവിക്കാനൊരുങ്ങുന്നത്.
ദീർഘനാളുകളായുള്ള ആസൂത്രണത്തിനൊടുവിലാണ് കേദൽ ജിൻസൺ രാജ കുടുബാംഗങ്ങളെ അരുംകൊല ചെയ്തതെന്നാണ് പ്രോസക്യൂഷൻ കേസ്. 2017 ഏപ്രിൽ അഞ്ചിന് ജീൻപത്മത്തിനെയും രാജ തങ്കത്തെയും കരോളിനെയും രണ്ടാം നിലയിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി. ഒരു കമ്പ്യൂട്ടർ പ്രോഗാം ചെയ്തിട്ടുണ്ടെന്നും കാണണമെന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. കമ്പ്യൂട്ടിന് മുന്നിൽ ഒരു കസേരയിൽ ഇരുത്തിയ ശേഷം പിന്നിൽ നിന്നും മഴുകൊണ്ട് കേദൽ കഴുത്തിൽ വെട്ടുകയായിരുന്നു.
ഓണ്‍ലൈൻ വഴി മഴു വാങ്ങിയെന്നാണ് കണ്ടെത്തൽ. എട്ടാം തീയതിയാണ് കേദലിൻെറ വീട്ടിൽ രക്ഷിതാക്കളുടെ സംരക്ഷണയിൽ കഴിഞ്ഞ ലളിതയെന്ന ബന്ധുവിനെ കൊലപ്പെടുത്തുന്നത്. എട്ടാം തീയതി രാത്രി രണ്ടാം നിലയിൽ നിന്നും തീയും പകയും ഉയർന്നപ്പോള്‍ നാട്ടുകാർ ഓടിക്കൂടിയപ്പോള്‍ കേദലിനെ കാണാനില്ലായിരുന്നു. രണ്ടാം നിലയിൽ തീയണച്ച് ഫയർഫോഴ്സുദ്യോഗസ്ഥർ പരിശോധിച്ചപ്പോള്‍ കത്തിക്കരിഞ്ഞ നാലു മൃതദേഹങ്ങള്‍ കണ്ടെത്തി.
പെട്രോള്‍ വാങ്ങികൊണ്ട് വന്ന് മൃതദേഹങ്ങള്‍ ചുട്ടെരിച്ച ശേഷം കേദൽ രക്ഷപ്പെടുകയായിരുന്നു. ചെന്നൈയിലേക്ക് പോയ പ്രതി തിരികെയത്തിയപ്പോഴാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടുന്നത്. അസ്ട്രൽ പ്രോജക്ഷൻ എന്ന ആഭിചാരത്തിൽ ആകൃഷ്ടനായിരുന്നു എന്ന് മൊഴി നൽകി കേദൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ ഡോക്ടർമാരുടെ പരിശോധനയിൽ പ്രതിക്ക് മാനസിക പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തി.
രണ്ട് പ്രാവശ്യം കേദലിനെ കുടുംബം വിദേശത്തേക്ക് പഠിക്കാൻ അയച്ചു. പഠനം പൂർത്തിയാകാതെ തിരിച്ചെത്തി വീട്ടിനുള്ളിൽ കഴിഞ്ഞ കേദലിനെ അച്ഛൻ തുടർച്ചയായി വഴക്കു പറയുമായിരുന്നു. അങ്ങനെ തുടങ്ങിയ പ്രതികാരമാണ് കൂട്ടകൊലക്ക് ആസൂത്രണം ചെയ്യാൻ കാരണം. കൊലപാതകം നടപ്പാക്കുന്നതിന് മുമ്പ് ഗൂഗിളിൽ വിവിധ കൂട്ടക്കൊലകളെ കുറിച്ച് പ്രതി സെർച്ച് ചെയ്തിരുന്നു. ആയുധവും പെട്രോളും പോളിത്തീൻ കവറും തറ കഴുകാനുള്ള ലായനിയുമെല്ലാം പ്രതി വാങ്ങി.
അഭിഭാഷകരോട് കൃത്യമായി കേസിന്റെ കാര്യങ്ങള്‍ സംസാരിക്കുകയും സ്വത്തു തർക്കത്തിൽ ഉള്‍പ്പെടെ വക്കാലത്തു നൽകുന്ന കേദലിന് ഒരു മാനസിക പ്രശ്നങ്ങളുമില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മാത്രമല്ല ഓരോരുത്തരെയും വകവരുത്തി വീട്ടിനുള്ളിൽ ഇട്ടിരുന്നപ്പോള്‍ ബന്ധുക്കളുടെ ഫോണുകള്‍ വന്നു, വീട്ടു ജോലിക്കാർ എത്തി, വീട്ടുകാർ വിനോദ യാത്രക്ക് പോയെന്ന് പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിച്ച തിരിച്ചയച്ച് പ്രതി കൃത്യമായ ആസൂത്രണം നടത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]