
ഇടുക്കി: ദേവികുളം തെരഞ്ഞെടുപ്പ് കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതിനെതിരെ എ രാജ എംഎൽഎ നൽകിയ അപ്പീലിലാണ് സുപ്രീംകോടതി വിധി പറയുക. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. ജഡ്ജിമാരായ എ അമാനുള്ള, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറയുന്നത്. സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി 2023 മാർച്ച് 20ന് ആണ് ഹൈക്കോടതി തിരഞ്ഞെടുപ്പു ഫലം റദ്ദാക്കിയത്.
നേരത്തെ സുപ്രീംകോടതി ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ നൽകിയിരുന്നു. തമിഴ്നാട്ടിൽനിന്ന് മൂന്നാറിലേക്ക് കുടിയേറിയ ഹിന്ദു പറയർ വിഭാഗക്കാരായ മാതാപിതാക്കൾക്കുണ്ടായ മകനാണ് തന്റെ പിതാവെന്ന് രാജ സുപ്രീംകോടതിയിൽ വാദിച്ചത്.1950 ന് മുൻപ് കുടിയേറിയതിനാൽ കേരളത്തിലെ സംവരണത്തിന് അർഹതയുണ്ടെന്നും രാജ വാദിക്കുന്നു.
രാജയുടെ അച്ഛനും അമ്മയും ഉൾപ്പെടെ മുഴുവൻ കുടുംബവും ക്രിസ്തുമതത്തിലേക്ക് മതം മാറിയതിനാൽ പട്ടിക ജാതി സംവരണത്തിന് അർഹതയില്ലെന്നാണ് യു.ഡി.എഫ് സ്ഥാനാർഥി ഡി. കുമാറിന്റെ വാദം. തന്റെ മുത്തശ്ശി പുഷ്പം 1950-ന് മുമ്പ് കേരളത്തിലെത്തിയതാണെന്ന് തെളിയിക്കാൻ എ. രാജ ഹാജരാക്കിയ കണ്ണൻദേവൻ ഹിൽ പ്ലാന്റേഷൻ കമ്പനിയുടെ രേഖ കേസിൽ നിർണായകമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]