
ദില്ലി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ അമേരിക്കയിൽ ജനം തെരുവിൽ. പ്രധാന നഗരങ്ങളിൽ എല്ലാം പ്രതിഷേധം അരങ്ങേറുകയാണ്. കൂട്ട പിരിച്ചുവിടലും തീരുവ യുദ്ധവും അടക്കമുള്ള നയങ്ങൾ അമേരിക്കയെ തകർക്കുമെന്ന് സമരക്കാർ പറയുന്നു.
50 സ്റ്റേറ്റുകളിൽ പ്രതിഷേധം നടന്നു. ആക്റ്റിവിസ്റ്റുകൾ, തൊഴിലാളി യൂണിയനുകൾ, എൽജിബിടിക്യു വിഭാഗങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ മാൾ, സ്റ്റേറ്റ് കാപ്പിറ്റോൾ, ന്യൂയോർക്ക് മുതൽ ലോസ് ഏഞ്ചൽസ് വരെയുള്ള നഗര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രതിഷേധം നടന്നു.
ട്രംപ് ഭരണകൂടം ജനാധിപത്യ സ്ഥാപനങ്ങളെ ഇല്ലാതാക്കുകയാണെന്നാണ് വിമർശനം. സോഷ്യൽ സെക്യൂരിറ്റി ഓഫീസുകൾ അടച്ചുപൂട്ടുന്നതിനും ഫെഡറൽ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനും ആരോഗ്യ രംഗത്തെയും എച്ച്ഐവി ഫണ്ടിംഗിലെയും വെട്ടിക്കുറയ്ക്കലുകൾക്കും എതിരെയാണ് പ്രതിഷേധം ഉയരുന്നത്.
അതേസമയം താൻ നടപ്പാക്കിയ പകരംതീരുവയുടെ നേട്ടം കണ്ടുതുടങ്ങും വരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് വ്യവസായികളോട് ട്രംപ് ആവശ്യപ്പെട്ടു. തന്റെ തീരുമാനം അമേരിക്കയ്ക്ക് ചരിത്രപരമായ നേട്ടം നൽകുമെന്നും ട്രംപ് പറഞ്ഞു. പ്രഖ്യാപനത്തിന്റെ ആഘാതം ആഗോള വിപണിയിൽ തുടരുകയാണ്. അമേരിക്കയിലും ബ്രിട്ടനിലും ഓഹരി സൂചികകൾ ഒറ്റ ദിവസം ഏഴു ശതമാനം വരെ ഇടിഞ്ഞു. ലോക വ്യാപാര സംഘടനയും ആശങ്ക രേഖപ്പെടുത്തി.
യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും 34 ശതമാനംഅധിക തീരുവ ചുമത്തി ചൈന തിരിച്ചടിച്ചതോടെ വ്യാപാര യുദ്ധം പ്രവചനാതീത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.. ഉയർന്ന പണപ്പെരുപ്പവും മന്ദഗതിയിലുള്ള വളർച്ചയും ഉണ്ടായേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു
ട്രംപിന്റെ തീരുവ തീരുമാനത്തിൽ വെട്ടിലായത് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരാണ്. മെറ്റ സ്ഥാപകൻ മാർക്ക് സക്കർബർഗിന് 17.9 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായി. തൊട്ടുപിറകിലുള്ളത് ജെഫ് ബെസോസാണ്. 15.9 ബില്യൺ ഡോളർ ബെസോസിന്റെ നഷ്ടം. മസ്കിന് 11 ബില്യൺ ഡോളർ നഷ്ടമായി.
ട്രംപിന്റെ താരിഫുകളുടെ തിരിച്ചടി നേരിട്ട് ശതകോടീശ്വരന്മാർ; ഏറ്റവും വലിയ നഷ്ടം മസ്കിനും സക്കർബർഗിനും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]