
റിയാദ്- മിഡില്‍ ഈസ്റ്റ് പര്യടനത്തിന് തുടക്കമിട്ട് റിയാദിലെത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായില്‍ തുടരുന്ന ആക്രമണം ഫലസ്തീനികളുടെ അവസാന അഭയ കേന്ദ്രമായ റഫയിലേക്കു വ്യാപിപ്പിച്ചിരിക്കെ, മേഖലയിലെ ബ്ലിങ്കന്റെ സന്ദര്‍ശനം സമാധാന ഉടമ്പടിക്ക് സഹായകമാകുമെന്ന പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്.
കിരിടാവകാശിയുമായുള്ള ബ്ലിങ്കന്റെ കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു. ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ബ്ലിങ്കന്‍ പ്രതികരിച്ചില്ല. കൈ വീശി നടക്കുകയാണ് ചെയ്തത്. ഗാസയിലെ മാനുഷിക ആവശ്യങ്ങളെ കുറിച്ചും സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുന്നത് തടയുന്നതിനെ കുറിച്ചുമാണ് വിദേശ കാര്യ സെക്രട്ടറി പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.
ബ്ലിങ്കന്റെ ഗാസ ദൗത്യം ഇത്തവണ വിജയിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഈജിപ്ത്, ഖത്തര്‍, ഇസ്രായില്‍, അധിനിവേശ വെസ്റ്റ്ബാങ്ക് എന്നിവിടങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്. ഗാസയില്‍ തടവില്‍ തുടരുന്ന ഇസ്രായില്‍ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ബ്ലങ്കന്‍ ശ്രമിക്കും. ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷമുള്ള ബ്ലങ്കന്റെ അഞ്ചാമത്തെ മിഡില്‍ ഈസ്റ്റ് യാത്രയാണിത്.
ഇസ്രായില്‍ ഗാസയില്‍ നരനായാട്ട് തുടരുന്നതിനിടെ, വിവിധ സംഘടനകള്‍ ഇറാഖിലെയും സിറിയയിലെയും യുഎസ് സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയും യെമനിലെ ഹൂതികള്‍ ചെങ്കടലിലെ ഷിപ്പിംഗ് റൂട്ടുകള്‍ ആക്രമിക്കുകയും ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായിരിക്കയാണ്.
മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഡ്രോണ്‍ ആക്രമണത്തിന് മറുപടിയായി സിറിയ, ഇറാഖ്, യെമന്‍ എന്നിവിടങ്ങളിലെ ഇറാന് പിന്തുണയുള്ള സൈനികര്‍ക്ക് നേരെ യുഎസ് പ്രതികാര ആക്രമണം നടത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]