
വിശാഖപട്ടണം: ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ ശൈലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നില്‍ അടിയറവുപറഞ്ഞിരിക്കുന്നു. വിശാഖപട്ടണത്ത് രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 106 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-1ന് ഒപ്പമെത്തി. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ കോച്ച് ബ്രണ്ടന്‍ മക്കല്ലവും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും അവരുടെ ഒരു ദയയുമില്ലാത്ത ബാറ്റിംഗ് വെടിക്കെട്ട് ശൈലിയായാണ് ബാസ്ബോളിനെ വിശേഷിപ്പിച്ചിരുന്നത്. വിശാഖപട്ടണത്ത് ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്ക് മുന്നില്‍ മുട്ടുമടക്കിയെങ്കിലും ഇംഗ്ലണ്ട് ഒരു റെക്കോര്‍ഡ് പേരിലാക്കി എന്ന പ്രത്യേകതയുണ്ട്.
വിശാഖപട്ടണം ടെസ്റ്റിന്റെ നാലാം ഇന്നിംഗ്സില്‍ 399 എന്ന പടുകൂറ്റന്‍ വിജയലക്ഷ്യം തേടിയാണ് ഇംഗ്ലണ്ട് ബാറ്റിംഗിന് ഇറങ്ങിയത്. മോശമല്ലാത്ത തുടക്കത്തിന് ശേഷം എന്നാല്‍ 69.2 ഓവറില്‍ 292 റണ്‍സില്‍ ഇംഗ്ലണ്ടിന്റെ എല്ലാവരും പുറത്തായി. ഇതോടെ ടീം ഇന്ത്യ 106 റണ്‍സിന്റെ ത്രില്ലര്‍ ജയം നേടിയപ്പോള്‍ ഇംഗ്ലണ്ട് തോല്‍വിക്കിടയിലും ഒരു നാഴികക്കല്ലിലെത്തി. ഇന്ത്യയില്‍ ടെസ്റ്റില്‍ ഒരു സന്ദര്‍ശക ടീമിന്റെ രണ്ടാമത്തെ ഉയര്‍ന്ന നാലാം ഇന്നിംഗ്സ് സ്കോറാണ് ഇംഗ്ലണ്ട് വിശാഖപട്ടണത്ത് നേടിയ 292 റണ്‍സ്. 2017ല്‍ ദില്ലിയില്‍ 299-5 എന്ന സ്കോറുമായി സമനില പിടിച്ച ശ്രീലങ്ക മാത്രമേ പട്ടികയില്‍ ഇംഗ്ലണ്ടിന് മുകളിലുള്ളൂ. 1987ല്‍ ദില്ലിയില്‍ തന്നെ 276-5 എന്ന സ്കോറിലെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ ബെന്‍ സ്റ്റോക്സും സംഘവും പിന്തള്ളി.
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 28 റണ്‍സിനും രണ്ടാം മത്സരത്തില്‍ ഇന്ത്യ 106 റണ്‍സിനും വിജയിച്ച് പരമ്പര 1-1ന് തുല്യതയിലാണ്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നാലാം ദിനം ലഞ്ചിന് ശേഷം 292 റണ്‍സില്‍ നില്‍ക്കേ ഓള്‍ഔട്ടാവുകയായിരുന്നു. 73 റണ്‍സെടുത്ത സാക്ക് ക്രോളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ജസ്പ്രീത് ബുമ്രയും ആര് അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് ഇന്നിംഗ്സിലുമായി 9 വിക്കറ്റ് നേടിയ ബുമ്ര കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. പരമ്പരയിലെ മൂന്നാം ടെസ്റ്റ് 15ന് രാജ്കോട്ടില്‍ തുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]