തിരുവനന്തപുരം: ചിക്കും കുഴലും കട്ടയും വാദ്യം മുഴക്കി, പെപ്രോനിറ്റോ കമ്പെടുത്ത് താളം പിടിച്ചു, പിന്നെ മലപ്പുലയാട്ടക്കാർക്കൊപ്പം ചുവടുവച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തിന് പുറത്ത് മലപ്പുലയാട്ടത്തിന്റെ പ്രസിദ്ധി കടൽ കടക്കുകയായിരുന്നു. സ്പെയിനിൽ നിന്നും എത്തിയതാണ് പെപ്രോനിറ്റോയും കുടുംബവും. കോവളത്തുനിന്നും നേരെ കലോത്സവ നഗരിയിലേക്ക് വണ്ടിവിട്ടു.
ഗോത്രകല കാണാനായിരുന്നു ആദ്യ അവസരം. മലപ്പുലയാട്ടം വേദിയിൽ നടക്കുമ്പോൾ താളംപിടിച്ച് അവർ മുന്നിലിരുന്നു. “വെരി നൈസ്, ഫന്റാസ്റ്റിക്”- മത്സരം കഴിഞ്ഞിറങ്ങിയവരോട് പെപ്രോനിറ്റയുടെ അമ്മ സാംഗ്നിയ പറഞ്ഞു. പിന്നെയാണ് പെപ്രോനിറ്റോ തന്റെ ആഗ്രഹം കുട്ടികളോട് പങ്കുവച്ചത്. സായിപ്പിനൊപ്പം ഡാൻസ് ചെയ്യാൻ കിട്ടിയ അവസരം അവർക്ക് കൂടുതൽ ആഹ്ളാദമായി.
എറണാകുളം മോറക്കാല സെന്റ് മേരീസ് എച്ച്.എസ്.എസിലെ അവന്തികയും കൂട്ടരുമാണ് വേദിക്ക് പുറത്ത് പെപ്രോനിറ്റോയ്ക്കൊപ്പം മലപ്പുലയാട്ടം കളിച്ചത്. യദുവും ആൽബിനും അശ്വന്തും വിസ്മലും കൊട്ടിയുണർത്തിയ താളത്തിനൊപ്പം കുട്ടികളും സായിപ്പും ചുവടുവച്ചപ്പോൾ കാഴ്ചക്കാരുടെ എണ്ണവുമേറി. പരിശീലകനായ പ്രിജീഷും ഒപ്പം ചേർന്നുകളിച്ചു. പെപ്രോനിറ്റയുടെ കുടുംബാംഗങ്ങൾ ഡാൻസ് മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ സ്പെയിനിലും മലപ്പുലയാട്ട വിശേഷമെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]