ഗണേശ്വരി
തിരുവനന്തപുരം: മറയൂരെന്നാൽ മറയ്ക്കപ്പെട്ട ഊരെന്നൊരു വ്യാഖ്യാനമുണ്ട്, ഊരിൽ ഇത്രകാലവും മറയ്ക്കപ്പെട്ടിരുന്ന മലയപ്പുലയാട്ടം കലോത്സവ വേദിയിൽ പുതുതലമുറ ആവേശത്തോടെ കളിച്ചപ്പോൾ ഗണേശ്വരിയ്ക്ക് സന്തോഷം. ആദ്യമായിട്ടാണ് ഗണേശ്വരി തലസ്ഥാന നഗരി കാണുന്നത്. അത്ഭുതത്തോടെ നഗരം നോക്കിക്കണ്ടു. ഇന്നലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ മലയപ്പുലയ ആട്ടം തുടങ്ങിയപ്പോഴേക്കും കുട്ടികളൊക്കെ ഗണേശ്വരിയെ വളഞ്ഞു.
പിന്നെ വർത്തമാനമായി. മറയൂരിന്റെ സ്വന്തം മലപ്പുലയാട്ടം മാത്രമായിരുന്നില്ല, മറയൂരിന്റെ ഐതീഹ്യങ്ങൾ, മലപ്പുലയ- മുതുവാൻ ഗോത്രങ്ങളുടെ സാംസ്കാരിക സവിശേഷതകൾ, മറയൂർ ചന്ദനം, ശർക്കര, മുനിയറകൾ തുടങ്ങി എന്തൊക്കെ പറഞ്ഞിട്ടും കുട്ടികൾക്ക് മതിയായില്ല. ഇടുക്കി മറയൂർ വനമേഖലയിലെ കൊമ്മിത്താൻകുടിയിലെ ശിവന്റെ ഭാര്യയായ ഗണേശ്വരി കരിമ്പിൻ തോട്ടത്തിലെ പണിക്കാരിയാണ്. കട്ടകെട്ട് മേശിരിപ്പണിക്കും തൊഴിലുറപ്പിനും പോകാറുണ്ട്. അനുകൂല സാഹചര്യമില്ലാത്തതിനാൽ അക്ഷരം പഠിക്കാൻ കഴിഞ്ഞിരുന്നില്ല. മകൻ സിബിക്കുട്ടൻ ഇപ്പോൾ ബിരുദ കോഴ്സിന് പഠിക്കുന്നു, മകൾ ഈശ്വരി പ്ളസ് ടുവിന് പാതിവഴിയിൽ പഠനം നിറുത്തി.
ഊരിലെ കളിക്കാരി
സാധാരണ എപ്രിൽ, മെയ് മാസങ്ങളിലാണ് മലപ്പുലയാട്ടം കളിക്കുന്നത്. ഗണേശ്വരിയടക്കം 23 പേർ കളിയിൽ സജീവമായുണ്ട്. വിവാഹം, ആചാരം, മരണം തുടങ്ങി വിവിധ ചടങ്ങുകൾക്ക് മലപ്പുലയാട്ടം കളിക്കാറുണ്ട്. ചിക്ക് വാദ്യം,കിടിമിട്ടി,കുഴൽ,കട്ടവാദ്യം,ഉറുമി തുടങ്ങിയവയുടെ ശബ്ദതാളത്തിനൊപ്പം ചുവടുവച്ച് കളിക്കുകയാണ്. ഇക്കുറി കലോത്സവത്തിന് മലപ്പുലയാട്ടം മത്സര ഇനമായതോടെ ഗണേശ്വരിയും സഹോദരൻ ജഗദീഷുമടക്കം പരിശീലകരായി വിവിധ വിദ്യാലയങ്ങളിലെത്തി. കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾക്കൊപ്പമാണ് ഗണേശ്വരി അനന്തപുരിക്ക് വണ്ടികയറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]