കൊച്ചി: ഇന്ത്യൻ പ്രസ്ക്ലബ് ഒഫ് നോർത്ത് അമേരിക്കയുടെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള മീഡിയ എക്സലൻസ് അവാർഡിന് കേരളകൗമുദി എറണാകുളം യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസ് അർഹനായി. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരി 10ന് വൈകിട്ട് അഞ്ചിന് കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും.
മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ പങ്കെടുക്കും. ഒരു ലക്ഷം രൂപയുടെ മാദ്ധ്യമശ്രീ പുരസ്കാരത്തിന് 24 ന്യൂസ് ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ, 50,000 രൂപയുടെ മാധ്യമരത്ന പുരസ്കാരത്തിന് ദി ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റർ ധന്യ രാജേന്ദ്രൻ എന്നിവർ അർഹനായി. പയനിയേഴ്സ് ഇൻ മീഡിയ അവാർഡിന് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ പ്രമോദ് രാമൻ (മീഡയ വൺ) സി.എൽ.തോമസ്, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു, ഡോ. രാജേഷ് മരങ്ങോലി(പ്രഭാതം), പെഴ്സി ജോസഫ്(ഏഷ്യാനെറ്റ്), എൻ.പി. ചന്ദ്രശേഖരൻ (കൈരളി), അനിൽ നമ്പ്യാർ(ജനം ടി.വി), ആർ. ശ്രീകുമാർ (ജന്മഭൂമി) എന്നിവർ അർഹരായി.
ചേർത്തല പാണാവള്ളി നീലംകുളങ്ങര രവീന്ദ്രൻശാന്തി രാധ ദമ്പതികളുടെ മകനാണ് സുധർമ്മദാസ്. ഭാര്യ: പി.എസ്. സന്ധ്യ (സർവീസ് സഹകരണ ബാങ്ക്, പൂച്ചാക്കൽ). മകൾ: എൻ.എസ്. നിവേദിത (മണപ്പുറം രാജഗിരി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി). മികച്ച ഫോട്ടോഗ്രാഫർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം, സംസ്ഥാന ശിശുക്ഷേമ അവാർഡ്, മീഡിയ അക്കാഡമി പുരസ്കാരം, ലീലാ മേനോൻ മാദ്ധ്യമപുരസ്കാരം,കെ.പി. ഗോപിനാഥ് മാദ്ധ്യമ പുരസ്കാരം, പ്രേംനസീർ പുരസ്കാരം, വനിതാ കമ്മിഷൻ മാദ്ധ്യമ അവാർഡ് ഉൾപ്പടെ രണ്ട് ഡസനിലേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]