വേദിയിൽ കുട്ടികൾ നിറഞ്ഞാടുമ്പോൾ കൈകൊട്ടി പ്രോത്സാഹിപ്പിച്ച് കാണികൾക്കിടയിൽ ആകാംഷയോടെ കാത്തു നിൽക്കും ആര്യ ടീച്ചർ. മലപ്പുറം പൂക്കളത്തൂർ സി.എച്ച്.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളുടെ കലോത്സവ സ്വപ്നങ്ങൾക്ക് വർഷങ്ങളായി നിറം പകരുന്നത് സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം മലയാളം അദ്ധ്യാപികയായ ഡോ. ആര്യ സുരേന്ദ്രനാണ്. മാസം കിട്ടുന്ന ശമ്പളത്തിൽ നിന്നാണ് ഒരു വിഹിതം കലോത്സവത്തിനായി ഒരുങ്ങുന്ന കുട്ടികൾക്കായി മാറ്റി വയ്ക്കുന്നത്.
2011 ൽ ജോലിക്ക് കയറിയ കാലം മുതലുള്ള ശീലമാണിത്. സബ് ജില്ല മുതൽ സംസ്ഥാനതലം വരെ കുട്ടികളുടെ മുഴുവൻ ചിലവും പ്രിയപ്പെട്ട ടീച്ചറമ്മ വഹിക്കും. 2022 വരെ ജില്ല വരെ മാത്രമേ മത്സരാർത്ഥികൾ ഉണ്ടായിരുന്നുള്ളു. 2023 ആണ് ആര്യയുടെ തണലിൽ ആദ്യമായൊരു വിദ്യാർത്ഥി സംസ്ഥാന കലോത്സവത്തിന് എത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം അഞ്ചാം ക്ലാസിൽ നൃത്ത പഠനം ഉപേക്ഷിച്ച പി.കെ.അഭിനവിനെയാണ് നാടോടിനൃത്തത്തിനായി അന്ന് ആര്യ അരങ്ങിൽ എത്തിച്ചത്. ഇത്തവണ പ്ലസ് ടു വിദ്യാർത്ഥിയായ ഋതുവർണയുമായാണ് ഇക്കുറി ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരത്തിനായി എത്തിയത്. കഴിഞ്ഞ വർഷവും ഋതുവർണയ്ക്കൊപ്പമായിരുന്നു.
39-ാം വയസിൽ നൃത്ത പഠനം
ചെറുപ്പം മുതൽ നൃത്തം ഇഷ്ടമായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ നൃത്ത പഠനത്തിന് തടസ്സമായി. ഒടുവിൽ ജോലി നേടി ഒരു വർഷത്തിനു ശേഷം തൻ്റെ 39 ആം വയസിലാണ് സ്വപ്നം സാദ്ധ്യമായത്. 2012 ൽ മാവൂർ രാജലക്ഷ്മിയുടെ കീഴിൽ ഭരതനാട്യവും ലത മഞ്ചേരിയുടെ കീഴിൽ കുച്ചിപ്പുടിയും അഭ്യസിച്ചു തുടങ്ങി. 2023 മുതൽ മോഹിനിയാട്ടം പഠിക്കുന്നു. നടി ആശശരത്ത് ഓൺലൈനിൽ നടത്തുന്ന നൃത്തവിദ്യാലയത്തിലാണ് മോഹിനിയാട്ട പഠനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം പടിഞ്ഞാറേ കല്ലട കിടങ്ങിൽ കുടുംബാംഗമായ ആര്യ ഇപ്പോൾ മലപ്പുറം അരീക്കോട് ആണ് താമസം. ഭർത്താവ് പി.ഡബ്ല്യു.ഡി റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ ശങ്കരനും മക്കളായ ഡോ. കാർത്തിക്കും ഹൃത്വിക്കും പൂർണ്ണ പിന്തുണ നൽകി ഒപ്പമുണ്ട്. കലോത്സവത്തിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ സങ്കടം നന്നായിട്ടറിയാം. പണം ഇല്ലാത്തതു കൊണ്ട് ആർക്കും മത്സരിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകരുതെന്ന് ആര്യ സുരേന്ദ്രൻ പറഞ്ഞു.