തിരുവനന്തപുരം: ആട്ടവിളക്കിനും ക്യാമറയ്ക്കും മുന്നിൽ ഒരുപോലെ അഭിനയമികവ് കാഴ്ചവയ്ക്കുന്ന ദേവമാനസയ്ക്ക് ഇത്തവണത്തെ കലോത്സവം ദുഃഖം കൂടിയാണ് സമ്മാനിക്കുന്നത്. 909-ാം നമ്പറിൽ രാക്ഷസി വേഷത്തിൽ ആടിത്തിമിർക്കുമ്പോഴും തന്റെ സ്കൂൾ കലോത്സവ കാലം അവസാനിക്കുന്നല്ലോ എന്ന ചിന്തയാണ് പ്ലസ് ടു വിദ്യാർത്ഥിനിയായ ദേവമാനസയുടെ മനസിൽ.
മുൻ വർഷങ്ങളിലേതുപോലെ സിംഗിൾ കഥകളി, ഗ്രൂപ്പ് കഥകളി, ഓട്ടൻതുള്ളൽ എന്നിവയ്ക്കൊപ്പം അവസാന മത്സരം കളറാക്കാൻ ചവിട്ടുനാടകത്തിലും ദേവമാനസ പങ്കെടുക്കുന്നുണ്ട്. ഇത്തവണ ആദ്യം പങ്കെടുത്ത ഓട്ടൻതുള്ളലിന് ഈ കൊച്ചുമിടുക്കി എ ഗ്രേഡ് നേടിക്കഴിഞ്ഞു. കഥകളിക്കൊപ്പം തട്ടുംപുറത്ത് അച്യുതൻ, ടു നൂറ വിത്ത് ലൗ, തുടങ്ങി ഏഴോളം സിനിമകളിൽ ബാലതാരമായി ദേവമാനസ അഭിനയിച്ചിട്ടുണ്ട്.
2020ലെ ഇന്ത്യൻ ഐക്കൺ അവാർഡ്, ഗുരുദേവ പുരസ്കാരം, അഭിനയത്തിന് ചലച്ചിത്ര പ്രേക്ഷക സമിതിയുടെ സ്പെഷ്യൽ ജൂറി പുരസ്കാരം എന്നിവ നേടിയ ദേവമാനസയ്ക്ക് വിനയൻ, ലാൽ ജോസ് ഉൾപ്പെടെയുള്ള സംവിധായകരും അവസരങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രമുഖ കഥകളി ആശാൻ കലാമണ്ഡലം കൃഷ്ണപ്രസാദിന്റെ കീഴിൽ രണ്ടാം ക്ലാസ് മുതൽ കഥകളി അഭ്യസിക്കുന്ന ദേവമാനസയ്ക്ക് സിസിആർടി സ്കോളർഷിപ്പും ലഭിച്ചു. 150ഓളം വേദികളിൽ 27 വേഷങ്ങൾ ചെയ്ത ദേവമാനസയ്ക്ക് കഥകളി വെറുമൊരു മത്സരയിനമല്ല, ജീവിതം തന്നെയാണ്. പൂർണ പിന്തുണയുമായി പയ്യന്നൂർ കോളേജ് പ്രൊഫസർ കൂടിയായ മാതാവ് ഡോ. മിനിയും ബിസിനസുകാരനായ പിതാവ് ജി അനിൽ കുമാറും ഒപ്പമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]