ന്യൂഡൽഹി: ഡൽഹിയിലെ റോഡുകൾ പ്രിയങ്കാ ഗാന്ധിയുടെ കവിളുകൾ പോലെയാക്കും എന്ന പരാമർശം നടത്തിയ ബിജെപി നേതാവ് വീണ്ടും വിവാദത്തിൽ. ഡൽഹിയിലെ ബിജെപി നേതാവ് രമേഷ് ബിധുരിയാണ് പ്രസംഗത്തിനിടെ തുടർച്ചയായി വിവാദത്തിൽ പെട്ടത്. ഇത്തവണ ഡൽഹി മുഖ്യമന്ത്രി അതിഷി മർലേനയ്ക്കെതിരെയാണ് രമേഷ് മോശം പരാമർശം നടത്തിയത്. അതിഷി അച്ഛനെ മാറ്റി എന്നായിരുന്നു രമേഷ് ബിധുരി പറഞ്ഞത്. ആദ്യം അതിഷി മർലേന ആയിരുന്നു ഇപ്പോൾ അതിഷി സിംഗ് ആയി എന്നാണ് രമേഷ് പ്രസംഗിച്ചത്. ഇതാണ് ആം ആദ്മി പാർട്ടിയുടെ സ്വഭാവം എന്നാണ് അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കിയത്.
പാർലമെന്റ് ആക്രമണ കേസിലെ പ്രധാന പ്രതിയായ അഫ്സൽ ഗുരുവിന് വേണ്ടി ദയാഹർജി നൽകിയവരാണ് അതിഷിയുടെ മാതാപിതാക്കളെന്ന് ബിധുരി കുറ്റപ്പെടുത്തി. സംഭവത്തിൽ ആം ആദ്മി പാർട്ടി ശക്തമായി പ്രതിഷേധിച്ചു. ബിജെപി നേതാക്കൾ എല്ലാ പരിധിയും ലംഘിക്കുന്നതായി ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്രിവാൾ പറഞ്ഞു.
അതേസമയം ജയിച്ചാൽ മണ്ഡലത്തിലെ റോഡുകൾ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ കവിൾത്തടം പോലെ മിനുസമാർന്നതാക്കുമെന്ന പരാമർശം വിവാദമായതോടെ രമേഷ് ബിധുരി പിൻവലിച്ചു. കോൺഗ്രസിൽ നിന്നടക്കം വ്യാപക വിമർശനമുയർന്നതോടെയാണിത്. കൽക്കാജി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയാണ് രമേഷ്. അവിടെ തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് പ്രിയങ്കയുടെ പേര് ചേർത്ത് മോശം പരാമർശം നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഖേദം പ്രകടിപ്പിച്ച ബി.ജെ.പി നേതാവ്, വാക്കുകൾ പിൻവലിക്കുകയാണെന്ന് വ്യക്തമാക്കി. ബി.ജെ.പിയുടെ സ്ത്രീവിരുദ്ധ മുഖമാണ് പ്രകടമായതെന്ന് കോൺഗ്രസ് പ്രതികരിച്ചിരുന്നു. മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു. പരാമർശത്തെ ഡൽഹി മുഖ്യമന്ത്രി അതിഷിയും ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പി സഞ്ജയ് സിംഗും അപലപിച്ചിരുന്നു.