തഷ്കെന്റ് : കാമുകിയുടെ ശ്രദ്ധനേടാൻ സിംഹത്തിന്റെ കൂട്ടിലിറങ്ങിയ മൃഗശാല ജീവനക്കാരന് ദാരുണാന്ത്യം. ഉസ്ബെക്കിസ്ഥാനിലെ പർകന്റിലെ സ്വകാര്യ മൃഗശാലയിൽ ഡിസംബർ അവസാനമായിരുന്നു സംഭവമെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എഫ്. ഐറിസ്കലോവ് (44) എന്നയാളാണ് മരിച്ചത്. നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്തിരുന്ന ഇയാൾ പുലർച്ചെ 5നാണ് സിംഹത്തിന്റെ കൂട്ടിലെത്തിയത്. കാമുകിയെ കാണിക്കാനുള്ള വീഡിയോ ചിത്രീകരിക്കാനായി കൂട് തുറന്ന് ഉള്ളിൽ കടന്ന ഇയാൾ സിംഹങ്ങൾക്കരികിലേക്ക് നടന്നു. മൂന്ന് സിംഹങ്ങളാണ് കൂട്ടിലുണ്ടായിരുന്നത്. സിംഹങ്ങൾ ആദ്യം ശാന്തമായിരുന്നെങ്കിലും സെക്കൻഡുകൾക്കുള്ളിൽ അവ ഐറിസ്കലോവിന്റെ അരികിലേക്ക് നടന്നെത്തി. ഇതു വകവയ്ക്കാതെ ഇയാൾ വീഡിയോ ചിത്രീകരണം തുടരുന്നതിനിടെ സിംഹങ്ങൾ ചാടിവീണു. ഐറിസ്കലോവിന്റെ മുഖം സിംഹങ്ങൾ കടിച്ചുകീറിയെന്നും ശരീരം പാതി ഭക്ഷിച്ചെന്നും അധികൃതർ പയുന്നു. സിംഹങ്ങൾ ആക്രമിക്കുന്നതിന്റെ ഭീകര ദൃശ്യം ഐറിസ്കലോവിന്റെ ക്യാമറയിൽ പതിഞ്ഞിരുന്നു. ഒരു സിംഹത്തെ വെടിവച്ചു കൊന്നതിനും രണ്ടെണ്ണത്തെ മയക്കുവെടിവച്ചതിനും ശേഷമാണ് ഐറിസ്കലോവിന്റെ മൃതദേഹം മൃഗശാല ജീവനക്കാർക്ക് വീണ്ടെടുക്കാനായത്.