ഇടുക്കി: വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഇടുക്കി പുല്ലുപാറയിലാണ് സംഭവം. ഇടുക്കിയിൽ കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിലാണ് അപകടസ്ഥലം. 30 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു.മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ഡീലക്സ് ബസാണ് അപകടത്തിൽ പെട്ടത്. 34 യാത്രക്കാർ അപകടസമയം ബസിലുണ്ടായിരുന്നു. ഇവരെയെല്ലാം പുറത്തെത്തിച്ചു. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ പുറത്തെത്തിക്കാനായത്. ബസ് ഉയർത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.
തഞ്ചാവൂരിൽ നിന്ന് തിരികെ മാവേലിക്കരയിലേക്ക് വരുമ്പോഴായിരുന്നു അപകടം. യാത്രക്കാർക്ക് ആർക്കും ഗുരുതര പരിക്ക് ഏറ്റിട്ടില്ലെന്നാണ് വിവരം. അതേസമയം താഴേക്ക് പതിച്ച ബസ് ഒരു മരത്തിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി. 30 അടി താഴ്ചയിലാണ് ബസ് മരത്തിൽ തങ്ങി നിന്നത്. ബസിന്റെ ബ്രേക്ക് നഷ്ടമായതാണോ അപകട കാരണം എന്ന് സംശയമുണ്ട്.