
മാന്നാർ: ടോൾഫ്രീ നമ്പരായ 112 ൽ വിളിച്ച് പരാതി പറഞ്ഞത് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ അക്രമം നടത്തിയ പ്രതിയെ മാന്നാർ പൊലീസ് അറസ്റ്റു ചെയ്തു. ബുധനൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് എണ്ണയ്ക്കാട് പൈവള്ളി തോപ്പിൽ രുധിമോൻ (40) ആണ് അറസ്റ്റു ചെയ്തത്. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ മാന്നാർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലിസ് ഓഫീസർ ദിനീഷ് ബാബു പരുമലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയിൽ 11ന് മാരകായുധങ്ങളുമായി വീട്ടുകാരെ ആക്രമിക്കാൻ ശ്രമിക്കുന്നതായി രുധിമോന്റെ വീട്ടിൽ നിന്നുമാണ് ഭാര്യയും അമ്മയും ചേർന്ന് 112 ൽ വിളിച്ചു പരാതി പറഞ്ഞത്.
ഇക്കാര്യമന്വേഷിക്കാണ് മാന്നാർ പൊലീസ് സ്റ്റേഷനിൽ നിന്നും എസ് ഐ സജികുമാർ ഉൾപ്പടെയുള്ള പൊലീസ് സംഘം രുധികുമാറിന്റെ വീട്ടിലെത്തിയത്. മദ്യ ലഹരിയിൽ അക്രമാസക്തനായിരുന്ന രുധികുമാറിനെ അനുനയിപ്പിച്ച് കൈയിലുണ്ടായിരുന്ന ആയുധങ്ങൾ വാങ്ങി കൂട്ടിക്കൊണ്ടു പോകവെയാണ് അക്രമം ഉണ്ടായത്. വസ്ത്രം മാറിവരാനായി വീട്ടിനുള്ളിലേക്ക് കയറിയ യുവാവ് ചപ്പാത്തി പരത്തുന്ന തടിയുമായി എത്തി പൊലീസുകാരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
തലയ്ക്ക് അടിയേറ്റ് രക്തം വാർന്ന സഹപ്രവർത്തകനെ ആശുപത്രിയിൽ എത്തിച്ച ശേഷം പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയാണ് പ്രതിയെ പിടികൂടിയത്. പരിക്കേറ്റ സീനിയർ സിവിൽ പോലിസ് ഓഫീസർ ദിനീഷ് ബാബുവിന്റെ തലക്ക് മൂന്ന് തുന്നൽ വേണ്ടിവന്നു. വധശ്രമത്തിന് കേസെടുത്ത് മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Last Updated Dec 4, 2023, 8:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]