പാലക്കാട് ∙ വിവാദങ്ങൾക്കു ശേഷം ആദ്യമായി പൊതു പരിപാടിയിൽ ഉദ്ഘാടകനായെത്തി
എംഎൽഎ. പാലക്കാട് ഡിപ്പോയിൽ നിന്നു ബെംഗളൂരുവിലേക്ക് പോകുന്ന പുതിയ
എസി സീറ്റർ ബസ് സർവീസ് ഉദ്ഘാടനം ചെയ്യാനാണ് രാഹുൽ എത്തിയത്.
രാത്രി എട്ടരയോടെയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.
പൊതുപരിപാടിയിൽ പങ്കെടുത്താൽ തടയുമെന്നും പ്രതിഷേധിക്കുമെന്നും ബിജെപിയും യുവമോർച്ചയും പറഞ്ഞിരുന്നുവെങ്കിലും പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല. ഡിവൈഎഫ്ഐയും പ്രതിഷേധിക്കാൻ എത്തിയില്ല.
ബസ് സർവീസിന്റെ ഉദ്ഘാടനത്തെ കുറിച്ച് സിഐടിയു, ബിഎംഎസ് ട്രേഡ് യൂണിയൻ നേതാക്കൾക്ക് നേരത്തെ അറിവുണ്ടായിരുന്നു. എന്നാൽ സിഐടിയു യൂണിയനിലെ പല ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു.
പരിപാടിയെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും പൊതു പരിപാടിയിൽ പങ്കെടുത്താൽ തടയുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദീൻ പറഞ്ഞു.
8.50നു സ്റ്റാൻഡിലെത്തിയ രാഹുൽ ഉദ്ഘാടന ശേഷം യാത്രക്കാരോടും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ആളുകളോടും കുശലം പറഞ്ഞ ശേഷം 9.20നാണു മടങ്ങിയത്. ഒട്ടേറെ പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.
ബെംഗളൂരുവിലേക്ക് എസി ബസ് വേണമെന്ന പാലക്കാട്ടുകാരുടെ ദീർഘ നാളത്തെ ആവശ്യമാണു യാഥാർഥ്യമായതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഈ ആവശ്യം പലതവണ ഗതാഗതമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും അന്തർ സംസ്ഥാനങ്ങളിലേക്ക് പുതിയ സർവീസുകൾ കൂടി ഉടൻ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.
പാലക്കാട് ഡിപ്പോയിൽ നിന്നു ബെംഗളൂരുവിലേക്ക് ആദ്യമായാണ് എസി സീറ്റർ ബസ് അനുവദിച്ചത്.
അത്യാധുനിക സൗകര്യങ്ങളുള്ള ബസിൽ പുഷ്ബാക്ക് സംവിധാനമുള്ള 50 സീറ്റുകളാണുള്ളത്. പാലക്കാട് ഡിപ്പോയിൽ നിന്നു രാത്രി ഒൻപതിനും ബെംഗളൂരുവിൽ നിന്നു 9.15നും പുറപ്പെടും.
പാലക്കാട്ടു നിന്നു ബെംഗളൂരുവിലേക്ക് ഞായറാഴ്ചകളിൽ 1171 രൂപയും, മറ്റു സാധാരണ ദിവസങ്ങളിൽ 900 രൂപയുമാണ് നിരക്ക്. ഡിപ്പോ എൻജിനീയർ എം.സുനിൽ, ജനറൽ കൺട്രോൾ ഇൻസ്പെക്ടർ സഞ്ജീവൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]