
.news-body p a {width: auto;float: none;}
ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം ചരിത്രത്തിലാദ്യമായി 70,000 കോടി ഡോളർ കവിഞ്ഞു. തുടർച്ചയായ ഏഴാം വാരമാണ് ഇന്ത്യയുടെ വിദേശ നാണയ ശേഖരം റെക്കാഡ് പുതുക്കി കുതിക്കുന്നത്. വിദേശ നാണയ ശേഖരത്തിൽ ലോക രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ഡോളറിന്റെയും സ്വർണത്തിന്റെയും മൂല്യ വർദ്ധനയാണ് ഗുണമായത്. ഇതോടൊപ്പം രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാൻ പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വിപണിയിൽ നിന്ന് ഡോളർ വാങ്ങിയതും അനുകൂലമായി.
സെപ്തംബർ 17ന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 1,260 കോടി ഡോളർ വർദ്ധനയോടെ 70,489 കോടി ഡോളറിലെത്തി. കഴിഞ്ഞ വർഷം ജൂലായ് മാസത്തിന് ശേഷം വിദേശ നാണയ ശേഖരത്തിലെ ഏറ്റവും വലിയ പ്രതിവാര വർദ്ധനയാണിത്.
2013 മുതലാണ് ഇന്ത്യ വിദേശ നാണയ ശേഖരം മെച്ചപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചത്.
അവലോകന കാലയളവിൽ 780 കോടി ഡോളറാണ് റിസർവ് ബാങ്ക് വിപണിയിൽ നിന്ന് വാങ്ങിയത്. സ്വർണ ശേഖരത്തിന്റെ മൂല്യം 200 കോടി ഡോളർ ഉയർന്ന് 6,570 കോടി ഡോളറിലെത്തി.
ചൈനയാണ് വിദേശനാണയ ശേഖരത്തിൽ മുന്നിലുള്ളത്. 3.28 ലക്ഷം കോടി ഡോളറാണ് ചൈനയുടെ വിദേശനാണയ ശേഖറം. ജപ്പാന് 1.3 ലക്ഷം കോടി ഡോളറും സ്വിറ്റ്സർലാൻഡിന് 89000 കോടി ഡോളറും റഷ്യക്ക് 59022 കോടി ഡോളറുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശക്തമായ വിദേശ നാണ്യശേഖരം ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയാണ് എടുത്തുകാട്ടുന്നത്. സ്വന്തം കറൻസിയുടെ മൂല്യം കുത്തനെ തകരുന്നത് തടഞ്ഞ്, സ്ഥിരത ഉറപ്പാക്കാനും ഇറക്കുമതികയറ്റുമതി സന്തുലിതാവസ്ഥ നിലനിർത്താനും പണപ്പെരുപ്പം നിയന്ത്രിക്കാനും വിദേശ നാണ്യശേഖരം സഹായിക്കും. രൂപയുടെ മൂല്യം വൻതോതിൽ ഇടിയുന്നത് തടയാനായി റിസർവ് ബാങ്ക് പലപ്പോഴും വിദേശ നാണ്യശേഖരത്തിൽ നിന്ന് ഡോളർ വിറ്റഴിക്കാറുണ്ട്.
നിലവിൽ ഇന്ത്യയുടെ വിദേശ നാണ്യശേഖരം രാജ്യത്തിന്റെ ഒരുവർഷത്തെ ഇറക്കുമതി ആവശ്യങ്ങൾ നിറവേറ്റാനുള്ള തുകയ്ക്ക് തുല്യമാണ്. അതായത്, സാമ്പത്തിക പ്രതിസന്ധി ഉണ്ടായാലും ഒരുവർഷത്തേക്ക് പിടിച്ചുനിൽക്കാനാകും. പാകിസ്ഥാന്റെ വിദേശ നാണ്യശേഖരം 1,070 കോടി ഡോളർ മാത്രമാണ്. എന്നാൽ ഇത് രാജ്യാന്തര നാണ്യനിധിയിൽ (ഐഎംഎഫ്) നിന്ന് കിട്ടിയ 102 കോടി ഡോളറിന്റെ രക്ഷാപ്പാക്കേജ് കൂടി ഉൾപ്പെടുന്നതുമാണ്.
ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയുമുണ്ട്. സ്വർണം, ഐഎംഎഫിലെ റിസർവ് പൊസിഷൻ (ഐഎംഎഫിൽ ഇന്ത്യക്ക് അവകാശപ്പെട്ട വിദേശ കറൻസിയിലെ റിസർവ് പണം), സ്പെഷ്യൽ ഡ്രോവിങ് റൈറ്റ്സ് (എസ്ഡിആർ/ ഐഎംഎഫിൽ സൂക്ഷിക്കുന്ന വിദേശ നാണ്യ ആസ്തി) എന്നിവയും ചേരുന്നതാണ് വിദേശ നാണ്യശേഖരം.