
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചൗഖംബ-3 മേഖലയിൽ പർവതാരോഹണത്തിനിടെ കാണാതായ രണ്ട് വിദേശ വനിതകൾക്കായുള്ള തിരച്ചിൽ ശനിയാഴ്ച തുടർച്ചയായ മൂന്നാം ദിവസവും തുടർന്നു. ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ബ്രിട്ടീഷ് സ്വദേശികളായ ഫെയ് ജെയ്ൻ മന്നറസ് (27), യുഎസിൽ നിന്നുള്ള മിഷേൽ തെരേസ ഡെവോറോക്ക് (23) എന്നിവരെയാണ് ട്രക്കിംഗിനിടെ വ്യാഴാഴ്ച കാണാതായത്. ചൗഖംബ -3 കൊടുമുടി കയറാൻ ഇവർക്ക് ഇന്ത്യൻ പർവതാരോഹണ പരിശീലന അസോസിയേഷൻ്റെ അനുമതി ഉണ്ടായിരുന്നു. ഒക്ടോബർ 3 ന്, ചൗഖംബ കൊടുമുടിയിലേക്ക് കയറുന്നതിനിടെ ഇരുവരുടെയും ഉപകരണങ്ങളും ബാഗുകളും മലയിടുക്കിലേക്ക് തെന്നിവീണു.
തുടർന്ന് ഇരുവരും മഞ്ഞ് മൂടിയ പർവതത്തിൽ കുടുങ്ങുകയായിരുന്നുവെന്ന് ദുരന്ത നിവാരണ ഓഫീസിൽ നിന്നുള്ള വൃത്തങ്ങൾ വെളിപ്പെടുത്തി. വിനോദസഞ്ചാരികൾ അതത് എംബസികളുമായി ബന്ധപ്പെടാൻ പേജർ ഉപയോഗിച്ചിരുന്നു. തുടർന്നാണ് ഇന്ത്യൻ വ്യോമസേനയുടെ സഹായം തേടിയതെന്ന് ചമോലി ജില്ലാ മജിസ്ട്രേറ്റ് സന്ദീപ് തിവാരി പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരമാണ് കുടുങ്ങിയ വിദേശ വിനോദ സഞ്ചാരികളെ കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ തിരച്ചിൽ നടത്താൻ വ്യോമസേനയോട് അഭ്യർഥിച്ചു. വെള്ളിയാഴ്ച, സഹറൻപൂരിലെ സർസവ എയർബേസിൽ നിന്ന് രണ്ട് ഐഎഎഫ് ചേതക് ഹെലികോപ്റ്ററുകൾ പ്രദേശത്ത് വിപുലമായ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
ശനിയാഴ്ചയും തിരച്ചിൽ തുടർന്നു. തിരച്ചിൽ പ്രവർത്തനങ്ങൾക്കായി ഹെലികോപ്റ്ററുകൾ വിന്യസിക്കാൻ വനം വകുപ്പ് എസ്ഡിആർഎഫിൻ്റെ സഹായം തേടിയിട്ടുണ്ട്. കാണാതായ പർവതാരോഹകരെ കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്നും അധികൃതർ പറഞ്ഞു. ഡെറാഡൂണിൽ നിന്നുള്ള എൻഡിആർഎഫ് സംഘവും ചമോലിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]