
അമേഠി: സർക്കാർ സ്കൂൾ അദ്ധ്യാപകനെയും കുടുംബത്തെയും വീട്ടിൽ കയറി വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. ഡൽഹിയിലേയ്ക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചന്ദൻ വർമ്മയെന്നയാളെ നോയിഡയ്ക്ക് സമീപത്തുനിന്നാണ് പൊലീസ് പിടികൂടിയത്. സർക്കാർ സ്കൂൾ അദ്ധ്യാപകനായ ഭവാനി നഗർ സ്വദേശി സുനിൽകുമാർ, ഭാര്യ പൂനം ഭാരതി, ഒന്നും ആറും വയസുള്ള രണ്ട് പെൺമക്കൾ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബത്തിന് നേരെ ആക്രമണം ഉണ്ടാകുമോ എന്ന ഭയമുണ്ടെന്ന് പൂനം നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു.
പൂനം ഭാരതിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും തമ്മിൽ അടുത്തിടെയുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നുമാണ് ചന്ദൻ പൊലീസിന് മൊഴി നൽകിയത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും ചന്ദൻ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുക്കാൻ പോകുന്നതിനിടെ ഇയാൾ പൊലീസിനെ വെടിവയ്ക്കാൻ ശ്രമിച്ചു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ ഇയാളുടെ കാലിൽ വെടിവച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
ചന്ദന്റെ ഫോൺ പരിശോധിച്ചതിൽ അഞ്ചുപേരുടെ മരണം ഉടൻ ഉണ്ടാകുമെന്ന തരത്തിൽ ഇയാൾ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നതായി പൊലീസ് കണ്ടെത്തി. കുടുംബത്തിലെ നാലുപേരെയും കൊലപ്പെടുത്തിയതിനുശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഇയാൾ തീരുമാനിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചന്ദൻ എന്നയാളെ ഭയമുണ്ടെന്ന് രണ്ട് മാസം മുമ്പ് പൂനം പൊലീസിൽ പരാതി നൽകിയിരുന്നു. കൊല്ലുമെന്ന് ഇയാൾ പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ചന്ദൻ ആണ് ഉത്തരവാദിയെന്നും പൂനം നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റിൽ നൽകിയ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഓഗസ്റ്റ് 18ന് കുഞ്ഞിന് മരുന്ന് വാങ്ങാനായി റായ്ബറേലിയിലെ ആശുപത്രിയിൽ പോയപ്പോൾ ചന്ദൻ പൂനത്തിനോട് മോശമായി പെരുമാറി എന്നാണ് എഫ്ഐആറിൽ പറയുന്നത്.