മധ്യകേരളത്തിൽ തങ്ങളുടെ റീട്ടെയ്ൽ സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ പുതിയ ഹൈപ്പർമാർക്കറ്റ് ആരംഭിക്കാൻ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. ചങ്ങനാശ്ശേരിയിൽ നിർമ്മാണം പുരോഗമിക്കുന്ന കെ.ജി.എ മാളിലാണ് 50,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് യാഥാർത്ഥ്യമാകുന്നത്.
ഇതുസംബന്ധിച്ച ഔദ്യോഗിക ധാരണാപത്രത്തിൽ (ലെറ്റർ ഓഫ് ഇന്റന്റ്) ലുലു തിരുവനന്തപുരം – തമിഴ്നാട് ഡയറക്ടർ ജോയ് ഷഡാനന്ദൻ, കെ.ജി.എ ഗ്രൂപ്പ് ഡയറക്ടർ ആൻഡ് സിഇഒ കെ.സി ഈപ്പൻ എന്നിവർ ഒപ്പുവെച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, കെ.ജി.എ ഗ്രൂപ്പ് ചെയർമാൻ കെ.ജി എബ്രഹാം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
കോട്ടയം നാട്ടകത്തെ ലുലു ഹൈപ്പർമാർക്കറ്റിന് ഉപഭോക്താക്കളിൽ നിന്നും ലഭിച്ച മികച്ച സ്വീകാര്യതയാണ് പുതിയ പദ്ധതിക്ക് വേഗത പകർന്നതെന്ന് ലുലു തിരുവനന്തപുരം തമിഴ്നാട് ഡയറക്ടർ ജോയ് ഷഡാനന്ദൻ വ്യക്തമാക്കി. മധ്യകേരളത്തിൽ സേവനങ്ങൾ വിപുലീകരിക്കുകയെന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ ചുവടുവയ്പ്പെന്നും, ഇത് പ്രദേശിക വികസനത്തിനൊപ്പം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലുലു ഗ്രൂപ്പുമായി കൈകോർക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മധ്യകേരളത്തിന്റെ വികസന കുതിപ്പിന് പദ്ധതി വലിയ കരുത്ത് പകരുമെന്നും കെ.ജി.എ ഗ്രൂപ്പ് ഡയറക്ടർ ആൻഡ് സിഇഒ കെ.സി ഈപ്പൻ പ്രതികരിച്ചു. കുവൈത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.ജി.എ ഗ്രൂപ്പിന്റെ മാളിൽ ലുലു ഹൈപ്പർമാർക്കറ്റിന് പുറമെ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഷോറൂമുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ലക്ഷ്വറി ഹോട്ടൽ, ബാങ്ക്വറ്റ് ഹാൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങിയ സവിധാനങ്ങളും ഒരുക്കുന്നുണ്ട്.
വിശാലമായ പാർക്കിങ് സൗകര്യങ്ങളും ഇവിടെ ലഭ്യമാകും. കൊച്ചി ക്രൗൺ പ്ലാസ, തിരുവല്ലയിലെ കെ.ജി.എ.
എലൈറ്റ് കോണ്ടിനെന്റൽ ഹോട്ടൽസ് തുടങ്ങി നിരവധി പ്രമുഖ പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കിയിട്ടുള്ള ഗ്രൂപ്പാണ് കെ.ജി.എ. കെ.ജി.എ മാൾ ഉൾപ്പെടെ പത്ത് പുതിയ പദ്ധതികളാണ് സംസ്ഥാനത്ത് ഇവർ പുതുതായി നടപ്പാക്കുന്നത്.
ധാരണാപത്ര ഒപ്പിടൽ ചടങ്ങിൽ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷറഫ് അലി, ലുലു ഇന്ത്യ ഡയറക്ടർ ആൻഡ് സിഇഒ എം.എ നിഷാദ്, ലുലു ഇന്ത്യ ഡയറക്ടർ ആൻഡ് സിഒഒ ഫഹാസ് അഷറഫ്, എൻബിടിസി ആൻഡ് കെജിഎ ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ബെൻസൻ വർഗീസ് എബ്രഹാം, കെജിഎ ഗ്രൂപ്പ് ഫിനാൻസ് ആൻഡ് ബിസിനസ് സപ്പോർട്ട് ഡയറക്ടർ വിനോദ് കുമാർ പുളിക്കൽ, ക്രൗൺ പ്ലാസ കൊച്ചി ജനറൽ മാനേജർ ദിനേഷ് റായ് എന്നിവരും സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

