
‘ഹിന്ദുവും ഹിന്ദുസ്ഥാനും സമ്മതിക്കും, ഹിന്ദി അനുവദിക്കില്ല’: മഹാരാഷ്ട്രയിൽ വീണ്ടും താക്കറെ സംഗമം; നിർണായക സൂചനയുമായി ഉദ്ധവ്
മുംബൈ∙ ‘‘മറാഠിക്കു വേണ്ടി ഇവിടെയുള്ള എല്ലാവരും പാർട്ടി വ്യത്യാസം മറന്നു. ഒരു കാര്യം വ്യക്തമാണ്, ഞങ്ങൾ തമ്മിലുള്ള അകലം ഞങ്ങൾ ഇല്ലാതാക്കി.
ഞങ്ങൾ ഒന്നിച്ചു, ഞങ്ങൾ ഒരുമിച്ച് നിൽക്കും’’. രണ്ടു പതിറ്റാണ്ടിനു ശേഷം ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെയും വേദി പങ്കിട്ടപ്പോൾ ഉദ്ധവ് പറഞ്ഞ ഈ വാക്കുകൾ മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ ദിശ തന്നെ മാറ്റിമറിച്ചേക്കാം.
1–5 ക്ലാസുകളിൽ ഹിന്ദി അടിച്ചേൽപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ഉദ്ധവും രാജും മറ്റു പ്രതിപക്ഷ കക്ഷികളും ചേർന്നു പരാജയപ്പെടുത്തിയതിന്റെ വിജയാഘോഷ പരിപാടിയിലാണു താക്കറെ സഹോദരങ്ങൾ ഏറെക്കാലത്തെ പിണക്കം മറന്ന് ഒന്നിച്ചത്. അതു രാഷ്ട്രീയത്തിലെ പുതിയൊരു കൂട്ടുകെട്ടിന്റെ തുടക്കമാണെന്ന സൂചനയാണ് നൽകുന്നത്.
മഹാരാഷ്ട്രയിൽ തദ്ദേശ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, ഉദ്ധവ്– രാജ് സഖ്യ നീക്കമാണ് ഏവരും ഉറ്റുനോക്കുന്നത്. ശിവസേനാ സ്ഥാപകനായ ബാൽ താക്കറെയുടെ സഹോദരന്റെ പുത്രനാണു രാജ്.
‘അവജ് മറാഠിച്ച’(മറാഠിയുടെ ശബ്ദം) എന്ന് പേരിട്ട പരിപാടിയിലാണ് 20 വർഷത്തിനുശേഷം ഉദ്ധവും രാജും ഒന്നിച്ചത്.
‘‘ബാൽ താക്കറെയ്ക്ക് ചെയ്യാൻ കഴിയാത്തത്, മറ്റു പലർക്കും ചെയ്യാൻ കഴിയാത്തത്, ദേവേന്ദ്ര ഫഡ്നാവിസ് ചെയ്തു; ഞങ്ങളെ ഒരുമിച്ച് കൊണ്ടുവരിക’’– രാജ് താക്കറെ വേദിയിൽ പറഞ്ഞു. ‘‘നിങ്ങൾക്ക് വിധാൻ ഭവനിൽ അധികാരമുണ്ടാകാം, ഞങ്ങൾക്ക് റോഡുകളിലും അധികാരമുണ്ട്.
ഈ ത്രിഭാഷാ ഫോർമുല നിങ്ങൾക്ക് എവിടെ നിന്ന് ലഭിച്ചു? ഇതു കേന്ദ്ര സർക്കാരിൽനിന്നു വന്നതാണ്. ഇന്ന്, ഹൈക്കോടതിയിലും സുപ്രീം കോടതിയിലും എല്ലാം ഇംഗ്ലിഷിലാണ്.
അത് മറ്റൊരു സംസ്ഥാനത്തും ഇല്ല. എന്തുകൊണ്ട് മഹാരാഷ്ട്രയിൽ മാത്രം? മഹാരാഷ്ട്ര ഉണരുമ്പോൾ, എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണും’’– രാജ് താക്കറെ പറഞ്ഞു.
മറാഠി ഭാഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ സഖ്യം രൂപീകരിക്കുമെന്ന സൂചന നൽകിയാണ് ഉദ്ധവ് താക്കറെ വേദിയിൽ പ്രസംഗിച്ചത്.
‘‘മുംബൈ ഞങ്ങളുടെ അവകാശമായിരുന്നു, ഞങ്ങൾ പോരാടി അത് നേടി. ബിജെപിയുടെ ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ എന്ന ആശയം നമ്മൾ തുറന്നുകാട്ടണം.
പതുക്കെ, അവർ എല്ലാം ഒന്നാക്കാൻ ആഗ്രഹിക്കുന്നു. ഹിന്ദുവും ഹിന്ദുസ്ഥാനും ഞങ്ങൾ സമ്മതിക്കുന്നു, പക്ഷേ ഹിന്ദി ഞങ്ങൾ അനുവദിക്കില്ല.
ഞങ്ങൾ മറാഠി നിർബന്ധമാക്കി; ഞങ്ങൾക്ക് അത് ചെയ്യേണ്ടിവന്നു.’’– ഉദ്ധവ് പറഞ്ഞു.
2005ലെ മാൽവൻ നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാജും ഉദ്ധവും അവസാനമായി പൊതുവേദിയിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ആ സമയത്ത്, ബാൽ താക്കറെയുടെ നേതൃത്വത്തിൽ ശിവസേന ഒറ്റക്കെട്ടായിരുന്നു.
അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് പാർട്ടി വിട്ട മുതിർന്ന ശിവസേന നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായൺ റാണെയുടെ രാജിയെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ഉപതിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ, രാജ് താക്കറെ ശിവസേന വിട്ടു. 2005 നവംബറിൽ ശിവാജി പാർക്കിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നതായി വികാരഭരിതനായി രാജ് പ്രഖ്യാപിച്ചു.‘‘ഞാൻ ആവശ്യപ്പെട്ടത് ബഹുമാനം മാത്രമാണ്.
എനിക്ക് ലഭിച്ചത് അപമാനം മാത്രമാണ്’’– രാജ് പറഞ്ഞു.
രൂപംകൊണ്ടും സംസാരശൈലികൊണ്ടും രാജ്, ബാൽ താക്കറെയെ അനുസ്മരിപ്പിക്കുന്നുണ്ട്. എന്നാൽ, 2005ൽ മകൻ ഉദ്ധവിനെ പിൻഗാമിയാക്കാൻ ബാൽ താക്കറെ തീരുമാനിച്ചതോടെ, രാജ് ശിവസേനയിൽനിന്നു പടിയിറങ്ങുകയായിരുന്നു.
2006ൽ അദ്ദേഹം മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) രൂപീകരിച്ചെങ്കിലും തുടർന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹത്തിന്റെ പാർട്ടിക്കു ശക്തി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. അതിനിടെ, 2022ൽ ശിവസേന പിളർത്തിയ ഏക്നാഥ് ഷിൻഡെ പ്രമുഖ നേതാക്കളെയെല്ലാം അടർത്തിമാറ്റി ബിജെപിയുമായി കൈകോർത്തതോടെ ഉദ്ധവിന്റെ ശക്തി കുറഞ്ഞിരുന്നു.
തുടർന്നു നടന്ന തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയാണ് ഇതുവരെ ശത്രുവായി കരുതിയിരുന്ന രാജുമായി കൈകോർക്കാൻ അദ്ദേഹത്തെ നിർബന്ധിതനാക്കുന്നത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വന്തം തട്ടകമായ മുംബൈയിൽ തിരിച്ചടിയേറ്റാൽ ഉദ്ധവ് വിഭാഗത്തിനു രാഷ്ട്രീയത്തിലേക്കു പിന്നെയൊരു തിരിച്ചുവരവ് എളുപ്പമല്ല.
അതേസമയം, ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെയും വീണ്ടും ഒന്നിച്ചത് അവരുടെ രാഷ്ട്രീയ ഭാവി പുനരുജ്ജീവിപ്പിക്കാനും തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നഷ്ടപ്പെട്ട രാഷ്ട്രീയ അടിത്തറ വീണ്ടെടുക്കാനുമുള്ള തീവ്രശ്രമം മാത്രമാണെന്നും ബിജെപി പറഞ്ഞു.
പരിപാടി ഒരു കുടുംബ സംഗമം പോലെയാണ് തോന്നിയതെന്നും മന്ത്രി ആശിഷ് ഷേലാർ പറഞ്ഞു. ‘‘ഭാഷാ സ്നേഹം കൊണ്ടുള്ള ഒരു റാലിയല്ല, മറിച്ച് വീട്ടിൽനിന്നു പുറത്താക്കപ്പെട്ട
ഒരു സഹോദരനെ പൊതു പ്രീതിപ്പെടുത്തലായിരുന്നു ഇത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ശക്തിയെ ഭയന്ന് അവർ സാഹോദര്യത്തെ ഓർമിച്ചു–’’ അദ്ദേഹം പറഞ്ഞു. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് എക്സിലെ @ShivSenaUBT എന്ന അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]