
ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് മാറി മാറി രാഷ്ട്രീയ പാര്‍ട്ടികളെ പരീക്ഷിച്ചിട്ടുള്ള മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. 1952 ല്‍ കോൺഗ്രസിനെ പിന്തുണച്ച മണ്ഡലം 1957 മുതല്‍ 1980 വരെ സിപിഎമ്മിനാണ് കൈ കൊടുത്തത്. ശക്തമായ ഇടത് കോട്ടയെന്ന ധാരണ പൊളിച്ചാണ് 1984-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി എ ആന്റണി തൃശൂരില്‍ വിജയിക്കുന്നത്. ലീഡർ കെ കരുണാകരന്റെ തട്ടകമെന്നാണ് വിളിപ്പേരെങ്കിലും അച്ഛനെയും മക്കളെയും ഒരിക്കൽപോലും വിജയിപ്പിട്ടില്ലാത്ത മണ്ഡലം കൂടിയാണ് തൃശൂര്‍.
1957 ൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച കെ കരുണാകരൻ തൃശൂരിൽ നിന്നാണ് തോറ്റത്. പിന്നീട് മാളയിൽ നിന്നും നേമത്ത് നിന്നും പലവട്ടം ജയിച്ച് കയറിയെങ്കിലും പിന്നീടോരിക്കലും നിയസഭയിൽ കൈനോക്കാൻ ലീഡർ തൃശൂരിലേക്ക് വന്നിട്ടില്ല. 1996 ൽ ലോക്സഭയിലേക്ക് മത്സരിക്കാനാണ് കരുണാകരൻ വീണ്ടും തൃശൂരിലെത്തുന്നത്. അന്നും തൃശൂരുകാർ ലീഡറിന് ‘കൈ’ കൊടുത്തില്ല. എതിരാളിയായ വി വി രാഘവന് മുന്നിൽ 1480 വോട്ടിനാണ് കരുണാകരൻ അന്ന് പരാജയപ്പെട്ടത്. ലോക്സഭയിലേക്കുള്ള കരുണാകരന്റെ കന്നിയങ്കമായിരുന്നു അത്. അന്നത്തെ തോല്‍വിക്ക് ശേഷം ലീഡര്‍ പറഞ്ഞ വാചകം രാഷ്ട്രീയ കേരളം ഏറെ ചര്ച്ചയാക്കിയുരുന്നു. എന്നെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തിയെന്നായിരുന്നു കരുണാകരന്റെ വിമര്‍ശനം. എ ഗ്രൂപ്പിനെതിരെയായിരുന്നു ലീഡറുടെ കുത്ത്.
1998 ല്‍ അച്ഛന്റെ രാഷ്ട്രീയ പാരമ്പര്യവുമായി അങ്കത്തിനിറങ്ങിയ കെ മുരളീധരനെ തോല്പിക്കാനുള്ള നിയോഗവും വി വി രാഘവനായിരുന്നു. കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിനെയും തൃശൂരുകാർ രണ്ട് തവണ പരാജയപ്പെടുത്തിയിട്ടുണ്ട്. 2016 ലെയും 2021 ലെയും നിയമസഭ തെരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാല്‍ തൃശൂരില്‍ നിന്ന് മത്സരിച്ചിട്ടുണ്ടെങ്കിലും രണ്ട് വട്ടവും തോല്‍വിയായിരുന്നു ഫലം. 2016 ൽ വി എസ് സുനിൽ കുമാറിനോടും 2021ൽ പി ബാലചന്ദ്രനോടുമായിരുന്നു പത്മജ തോല്‍വി ഏറ്റുവാങ്ങിയത്.
ചേട്ടന് പരവതാനി വിരിച്ച് അനിയത്തി
കോൺഗ്രസ് നേതാക്കൾക്കെതിരെ കടുത്ത വിമർശനം ഉയര്‍ത്തി ബിജെപിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാല്‍ തെരഞ്ഞടുപ്പ് ഫലം വന്നതിന് ശേഷം കെ മുരളീധരനും ബി ജെ പിയിൽ ചേരുമെന്ന് അവകാശം ഉന്നയിച്ചിരുന്നു. കെ മുരളീധരന് വേണ്ടി പരവതാനി വിരിച്ചിട്ടാണ് താന്‍ ബിജെപിയിലേക്ക് വന്നതെന്നായിരുന്നു പത്മജ വേണുഗോപാല്‍ പ്രചരണ പരിപാടികള്‍ പറഞ്ഞിരുന്നത്. കെ കരുണാകരന്റെ മക്കള്‍ കോണ്‍ഗ്രസില്‍ വേണ്ടന്നാണ് അവരുടെ തീരുമാനമെന്നും അത് ഒരിക്കല്‍ മുരളീധരനും മനസിലാക്കുമെന്നും പത്മജ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, തനിക്ക് ഇനി ഇങ്ങനെയൊരു സഹോദരി ഇല്ലെന്നായിരുന്നു മുരളീധരന്റെ മറുപടി. പരസ്പരം പരിഹസിച്ചും കുറ്റപ്പെടുത്തിയും കരുണാകരന്റെ മക്കള്‍ രണ്ട് ചേരിയിലായപ്പോഴും കരുണാകരന്റെ കുടുംബത്തിന് തൃശൂര്‍ കിട്ടാക്കനിയാണെന്ന ചരിത്രം തുടരുകയാണ്. പത്മജ പറഞ്ഞത് മുരളീധരന് അംഗീകരിക്കുമോ എന്നാണ് ഇനി ഉയരുന്ന ചോദ്യം.
Last Updated Jun 5, 2024, 12:01 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]