
ഹരിപ്പാട്: സ്കൂട്ടറിൽ സഞ്ചരിച്ച പെൺകുട്ടിയെ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തി ആഭരണങ്ങൾ കവർന്ന ദമ്പതികൾ പിടിയിൽ. കരുവാറ്റ കൊച്ചു കടത്തശ്ശേരിൽ പ്രജിത്ത് (37) ഭാര്യ രാജി എന്നിവരാണ് പിടിയിലായത്. മെയ് 25ന് രാത്രി 7.30ന് മുട്ടം എൻടിപിസി റോഡിൽ ആയിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു പെൺകുട്ടിയുടെ ആഭരണങ്ങളാണ് കവർന്നത്.
പെൺകുട്ടി ഹരിപ്പാട് തുണിക്കടയിൽ നിന്നും സാധനങ്ങൾ വാങ്ങി നങ്ങിയാർകുളങ്ങര കവല ജംഗ്ഷനിൽ എത്തിയപ്പോൾ മറ്റാർക്കും സംശയം തോന്നാത്ത രീതിയിൽ പ്രതികൾ യുവതിയെ പിന്തുടർന്ന് വന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് വാഹനം ഇടിച്ചിട്ടു. രക്ഷിക്കാൻ എന്ന വ്യാജേനെ പ്രതികൾ യുവതിയെ പിടിച്ച് എണീപ്പിക്കുകയും മാല പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. യുവതി റെയിൻകോട്ട് ഇട്ടിരുന്നതിനാൽ ശ്രമം പരാജയപ്പെട്ടു.
സംശയം തോന്നിയ യുവതി പിന്മാറാൻ ശ്രമിക്കവേ, തള്ളിയിട്ട ശേഷം പാദസരം പൊട്ടിച്ചെടുക്കുകയും പെൺകുട്ടി ഓടാൻ ശ്രമിച്ചപ്പോൾ വീണ്ടും തള്ളിയിട്ട് കൈചെയിൻ, മോതിരം എന്നിവ കവരുകയും ചെയ്തു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പ്രതികൾ ചെളിയിൽ വലിച്ചെറിഞ്ഞു. അവശയായ പെൺകുട്ടി വീട്ടിലെത്തി. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കരിയിലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ സ്വർണാഭരണത്തിന്റെ കുറച്ച് ഭാഗങ്ങൾ സംഭവം നടന്ന പ്രദേശത്ത് രണ്ട് സ്ഥലങ്ങളിൽ നിന്നായി കണ്ടെത്തി. പുരുഷ വേഷത്തിൽ വന്ന് വാഹനത്തിന് പുറകിലിരുന്ന സ്ത്രീ കൃത്യം നടത്തിയതിനുശേഷം കിലോമീറ്ററുകൾ സഞ്ചരിച്ച ശേഷം ആളില്ലാത്ത സ്ഥലത്ത് എത്തി സ്ത്രീവേഷം ധരിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
ദിവസങ്ങൾക്ക് ശേഷം സ്വകാര്യസ്ഥാപനത്തിൽ സ്വർണം വിൽക്കുകയും പിന്നീട് തമിഴ്നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യാത്ര ചെയ്യുകയും പൊലീസ് പിടിക്കില്ല എന്ന് ഉറപ്പിച്ച ശേഷം നാട്ടിലെത്തുകയും ചെയ്തു. എന്നാൽ പൊലീസിന്റെ പിടിയിലായി. സ്വകാര്യസ്ഥാപനത്തിൽ വിറ്റ സ്വർണാഭരണങ്ങളും കൃത്യത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു.
കായംകുളം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അജയനാഥിന്റെ മേൽനോട്ടത്തിൽ കരിയിലക്കുളങ്ങര എസ്.എച്ച്.ഒ സുനീഷ്, എസ്. ഐ ബജിത്ത് ലാൽ, എ.എസ്.ഐ പ്രദീപ് സി.പി.ഒമാരായ സുഹൈൽ, ഷമീർ, ഷാഫി ,ദിവ്യ, ഇയാസ്, ദീപക്, ഷാജഹാൻ, മണിക്കുട്ടൻ, അഖിൽമുരളി എന്നിവരുടെ സംഘമാണ് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Last Updated Jun 5, 2024, 1:59 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]