
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകര തീരുവ പ്രഖ്യാപനത്തിന് പിന്നാലെ ലോക ഓഹരി വിപണി കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ കൂപ്പുകുത്തലിൽ. ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കാണോ ട്രംപിന്റെ ‘തീരുവയുദ്ധം’ നയിക്കുകയെന്ന ചോദ്യമാണ് ലോകത്ത് ഉയരുന്നത്. ആഗോള എണ്ണവിലയിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് വില ആറര ശതമാനം താഴ്ന്ന് ബാരലിന് 65 ഡോളറിലെത്തി. സ്വർണ വിലയിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ട്രംപിന്റെ തിരിച്ചടി തീരുവ ലോകത്തെ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളുമോ എന്ന ആശങ്ക പങ്കുവച്ച് സാമ്പത്തിക വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിലാണ് ലോക ഓഹരിവിപണി.
എന്നാൽ താൻ നടപ്പാക്കിയ പകരം തീരുവയുടെ നേട്ടം കണ്ടുതുടങ്ങുംവരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് അമേരിക്കൻ ബിസിനസുകാരോട് ഡോണൾഡ് ട്രംപ് അഭ്യർഥിച്ചു. തന്റെ തീരുമാനം അമേരിക്കയ്ക്ക് ചരിത്രപരമായ നേട്ടം നൽകുമെന്ന് ട്രംപ് അവകാശപ്പെട്ടു. ട്രംപ് 25% താരിഫ് ഏർപ്പെടുത്തിയതിനാൽ യു എസിലേക്കുള്ള കയറ്റുമതി താൽക്കാലികമായി നിർത്തിയതായി ആഡംബര കാർ നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ അറിയിച്ചു.
ട്രംപിന്റെ പ്രഖ്യാപനത്തിന്റെ ആഘാതം ആഗോള വിപണിയിൽ തുടരുകയാണ്. അമേരിക്കയിലും ബ്രിട്ടനിലും ഓഹരി സൂചികകൾ ഒറ്റ ദിവസം ഏഴു ശതമാനം വരെ ഇടിഞ്ഞു. എണ്ണവിലയും കുത്തനെ ഇടിഞ്ഞു. സ്വർണ വിലയും താഴുകയാണ്. ലോക വ്യാപാര സംഘടനയടക്കം ഇക്കാര്യത്തിൽ ആശങ്ക രേഖപ്പെടുത്തി. യു എസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും 34% അധിക തീരുവ ചുമത്തി ചൈന തിരിച്ചടിച്ചതോടെ വ്യാപാര യുദ്ധം പ്രവചനാതീത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.. ഉയർന്ന പണപ്പെരുപ്പവും മന്ദഗതിയിലുള്ള വളർച്ചയും ഉണ്ടായേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]