
ഗർഭഛിദ്രത്തിനായി യുവതിയെ ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകൾ തയാറാക്കി; വ്യാജ വിവാഹക്കത്ത് കണ്ടെത്തി പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ട്രെയിൻ തട്ടി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ സുഹൃത്ത് സുകാന്ത് ഗർഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകൾ തയാറാക്കി. ഇരുവരും വിവാഹിതരായെന്നു തെളിയിക്കുന്ന രേഖകള്‍ വ്യാജമായി തയാറാക്കിയതാണെന്നു പൊലീസ് കണ്ടെത്തി. വ്യാജ വിവാഹ ക്ഷണക്കത്ത് ഉൾപ്പടെയാണ് അന്വേഷണം സംഘം കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ഗർഭഛിദ്രം നടത്തിയതെന്ന് തെളിയിക്കുന്ന ചികിത്സാരേഖകള്‍ പൊലീസിന് ലഭിച്ചിരുന്നു.
മൂന്നേകാല്‍ ലക്ഷത്തോളം രൂപയാണ് യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് പല തവണയായി മാറ്റിയത്. ഗര്‍ഭഛിദ്രത്തിനു പിന്നാലെ പ്രണയബന്ധത്തില്‍നിന്നു സുകാന്ത് പിന്മാറുകയും ചെയ്തിരുന്നു. വിവാഹത്തിനു താല്പര്യമില്ലെന്ന് വ്യക്തമാക്കുന്ന സന്ദേശം യുവതിയുടെ അമ്മയ്ക്കാണ് സുകാന്ത് അയച്ചതെന്നും പൊലീസ് കണ്ടെത്തി. തുടർന്ന് ഇരുവരും തമ്മിൽ തര്‍ക്കമായി. ഈ നിരാശയിലാണ് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
സംഭവത്തിൽ സുകാന്തിന് എതിരെ ബലാത്സംഗം, ആത്മഹത്യാപ്രേരണ, വഞ്ചന എന്നീ കുറ്റങ്ങളുടെ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളിൽ പൊലീസിന്റെ രണ്ടു സംഘങ്ങൾ ഒരാഴ്ചയായി അന്വേഷണം നടത്തിയിട്ടും സുകാന്തിനെ കണ്ടെത്താനായില്ല.
24ന് ആണ് ചാക്കയിലെ റെയിൽവേ ട്രാക്കിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. അടുത്ത ദിവസം തന്നെ മകളുടെ മരണത്തിനു കാരണക്കാരൻ സുകാന്ത് ആണെന്നാരോപിച്ച് യുവതിയുടെ പിതാവ് പേട്ട പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് ഇതു കാര്യമായി എടുത്തില്ല. തന്റെ മകളെ സുകാന്ത് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തതിന്റെ തെളിവുകൾ പിതാവ് സ്വന്തം നിലയ്ക്കു കണ്ടെത്തി ഹാജരാക്കിയതിനൊടുവിലാണ് പൊലീസ് കേസെടുക്കാൻ തയാറായത്.
പൊലീസ് പറഞ്ഞത്: ഇന്റലിജൻസ് ബ്യൂറോയിലെ പരിശീലന കാലത്താണ് ഇരുവരും അടുപ്പത്തിലായത്. വിവാഹം കഴിക്കാമെന്നു സുകാന്ത് യുവതിക്ക് ഉറപ്പ് നൽകിയിരുന്നു. ബന്ധം യുവതിയുടെ വീട്ടിൽ അറിഞ്ഞതോടെ സുകാന്തുമായുള്ള വിവാഹത്തിന് സമ്മർദമായി. എന്നാൽ ഐഎഎസ് എഴുതി എടുക്കണമെന്നും വിവാഹത്തിന് ഇപ്പോൾ പറ്റില്ലെന്നും പറഞ്ഞ് സുകാന്ത് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതാണ് ആത്മഹത്യയ്ക്കു പ്രേരണയായത്.