അബുദാബി: ജീവിതരീതികളിലെ മാറ്റങ്ങളും ജീവിതശൈലീ രോഗങ്ങളുടെ വർദ്ധനവും ആഗോളാന്തരം ജനനനിരക്കിൽ വലിയ ഇടിവ് വരുത്തുകയാണ്. ഇപ്പോഴിതാ ഗൾഫ് രാജ്യമായ യുഎഇയിലും സമാന പ്രതിസന്ധി നേരിടുകയാണെന്നാണ് യുഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ 30 വർഷത്തിനിടെ യുഎഇയുടെ ഫെർട്ടിലിറ്റി നിരക്ക് ഗണ്യമായി കുറഞ്ഞതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ലോക ഫെർട്ടിലിറ്റി റിപ്പോർട്ട് 2024 പ്രകാരം യുഎഇയിലെ ഒരു സ്ത്രീയുടെ ഫെർട്ടിലിറ്റി നിരക്ക് 1994 3.76 ആയിരുന്നത് 2024ൽ എത്തിയപ്പോൾ 1.21 ആയി കുറഞ്ഞു. എന്നാൽ 2054ഓടെ ഓരോ സ്ത്രീയുടെയും ഫെർട്ടിലിറ്റി നിരക്ക് 1.34 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി കുടുംബ മന്ത്രാലയം രൂപീകരിച്ചിരിക്കുകയാണ് യുഎഇ സർക്കാർ. യുഎഇ പൗരന്മാർക്കിടയിൽ കുടുംബ രൂപീകരണം, കുടുംബ ശാക്തീകരണം തുടങ്ങിയവയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ഫെർട്ടിലിറ്റി നിരക്കും ജനന നിരക്കും കുറയുന്നതിന്റെ പ്രധാന കാരണമായി യുഎഇയിലെ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത് യുഎഇ നിവാസികളുടെ ജീവിതരീതികളാണ്. വിട്ടുമാറാത്ത രോഗങ്ങൾ, പരിസ്ഥിതി മലിനീകരണം, എൻഡോക്രൈൻ ഡിസ്റപ്റ്ററുകളുമായുള്ള സമ്പർക്കം എന്നിവയും മറ്റ് പ്രധാന കാരണങ്ങളായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ഒരു സ്ത്രീക്ക് രണ്ടിൽ താഴെ പ്രസവങ്ങൾ മാത്രമാണ് സാധിക്കുന്നതെന്ന് ആഗോളതലത്തിൽ വ്യാപകമാവുകയാണെന്നും യുഎൻ ചൂണ്ടിക്കാട്ടുന്നു. ഫെർട്ടിലിറ്റി നിരക്ക് വലിയ തോതിൽ ഇടിയുന്നത് ജനസംഖ്യാ നിരക്ക് കുറയുന്നതിനും പ്രായാധിക്യമുള്ള സമൂഹം രൂപീകരിക്കുന്നതിന് കാരണമാവുമെന്നും യുഎൻ മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
യുഎഇയിക്ക് സമാനമായ പ്രതിസന്ധിയാണ് മറ്റ് അറബ് രാജ്യങ്ങളും നേരിടുന്നത്. ഏറ്റവും വലിയ ജനസംഖ്യയുള്ള ജിസിസി രാജ്യമായ സൗദി അറേബ്യയിൽ, ഫെർട്ടിലിറ്റി നിരക്ക് 1994ൽ ഒരു സ്ത്രീക്ക് 5.16 എന്നത് 2024ൽ 2.31 ആയി കുറഞ്ഞു. അടുത്ത മൂന്ന് ദശകങ്ങളിൽ ഇത് 1.85 ആയി കുറയുമെന്നാണ് വിലയിരുത്തൽ.
മൂന്ന് പതിറ്റാണ്ട് മുമ്പ് ഒമാനിലെ ഫെർട്ടിലിറ്റി നിരക്ക് ഒരു സ്ത്രീക്ക് 5.36 ആയിരുന്നത് 2024ൽ 2.51 ആയി കുറഞ്ഞു. കുവൈറ്റിൽ, 1994ൽ 3.27 ആയിരുന്നത് 2024ൽ 1.51 ആയി കുറഞ്ഞു – ഗൾഫ് മേഖലയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഖത്തറിൽ, 1994ൽ 3.66 ആയിരുന്നത് 2024ൽ 1.72 ആയി കുറഞ്ഞു. ബഹ്റൈനിൽ 1994ൽ 3.29 ആയിരുന്നത് 2024ൽ 1.8 ആയി കുറഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.