തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഏഴാം നമ്പർ വേദി കാണികളെ ഭയചകിതരാക്കി. നങ്ങ്യാർകൂത്ത് മത്സരത്തിൽ ചിന്മയ സജീവാണ് വേദിയേയും സദസിനേയും പ്രകമ്പനം കൊള്ളിച്ചത്. ദശാവതാരത്തിലെ നാല് അവതാരങ്ങൾ പ്രമേയമാക്കി ചിന്മയ അവതരിപ്പിച്ച കൂത്തിലെ അവസാനത്തെ അഞ്ച് മിനിട്ട് അക്ഷരാർത്ഥത്തിൽ കാണികളിൽ ഭയം ഉളവാക്കി.
മത്സ്യം, കൂർമം, വരാഹം, നരസിംഹം എന്നീ അവതാരങ്ങളെയാണ് ചിന്മയ കൂത്തിൽ ഉൾപ്പെടുത്തിയത്. ശാന്തമായി തുടങ്ങി രൗദ്രതയിൽ അവസാനിച്ച 20 മിനുട്ടുകൾ. തിന്മയുടെ വിളനിലമായ അസുരൻ ഹിരണ്യ കശിപുവിനെ മാറ് പിളർന്ന് ചോര കുടിക്കുന്ന രംഗം വിസ്മയാവഹമാക്കി ചിന്മയ.
ഗുരു കലാമണ്ഡലം പ്രസന്ന ടീച്ചറുടെ ശിക്ഷണത്തിൽ മൂന്ന് വർഷമായി നങ്ങ്യാർകൂത്ത് അഭ്യസിച്ചു വരികയാണ്. ആറ് വയസുമുതൽ നൃത്തം പഠിക്കുന്നുണ്ട്. കണ്ണൂർ ചേലക്കരയിൽ ഇക്കണോമിക്സ് അദ്ധ്യാപകനായ സജീവ് ഉദയോത്തിന്റെയും സഹകരണ ബാങ്ക് ജീവനക്കാരിയായ വിജിനയുടെയും മകളാണ്. രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസിലെ പ്ളസ്ടു വിദ്യാർത്ഥിനിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]