തിരുവനന്തപുരം: നെറ്റി മറച്ച് മുന്നിലേക്കിറങ്ങി നിൽക്കുന്ന മുടിയും കണ്ണടയും കള്ളച്ചിരിയുമുള്ള ജോസ് മോനെ ‘മിന്നൽ മുരളി’ സിനിമ കണ്ടവർക്കെല്ലാമറിയാം. മാമന്റെ സൂപ്പർ പവറിന്റെ സഹായമൊന്നുമില്ലാതെ ആ ജോസ് മോൻ ഇന്ന് ഹൈസ്കൂൾ വിഭാഗം ചാക്യാർകൂത്തിൽ എ ഗ്രേഡ് നേടി! മത്സരാർത്ഥിയുടെ പേര് വസിഷ്ഠ് എന്നായിരുന്നുവെന്ന് മാത്രം. നർമ്മത്തിന് പ്രാധാന്യമുള്ള ചാക്യാർകൂത്ത് തീർത്തും രസകരമായി വസിഷ്ഠ് അവതരിപ്പിച്ചപ്പോഴേ പലർക്കും മുൻപരിചയം തോന്നിച്ചു. എന്നാൽ മുഖത്ത് പലവിധത്തിൽ ചായം തേച്ചതിനാൽ അങ്ങോട്ട് ഉറപ്പിക്കാനുമായില്ല.
മത്സരമൊക്കെ കഴിഞ്ഞ് ചായം മാറ്റി ഇറങ്ങിയപ്പോഴേക്കും ആളുകൾ ഓടിയെത്താൻ തുടങ്ങി, മിന്നൽ മുരളിയിലെ ജൂനിയർ താരത്തിനൊപ്പം സെൽഫിയെടുക്കാൻ. പാലക്കാട് വാണിയംകുളം ടി.ആർ.കെ.എച്ച്.എസ്.എസിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയാണ് വസിഷ്ഠ്. ഇതേ സ്കൂളിലെ അദ്ധ്യാപകരായ പി.ഉമേഷിന്റെയും സി.ജ്യോതിയുടെയും മകനാണ്. നേരത്തെ സ്കൂളിൽ നടന്ന പൊതുപരിപാടിയുമായി ബന്ധപ്പെട്ട് വസിഷ്ഠിന് ചാക്യാരുടെ വേഷം കെട്ടേണ്ടി വന്നിരുന്നു. പിന്നെ ചാക്യാർകൂത്ത് പഠിക്കണമെന്നായി.
പൈങ്കുളം നാരായണ ചാക്യാരുടെ കീഴിൽ പരിശീലനം നടത്തിയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തി എ ഗ്രേഡ് സ്വന്തമാക്കിയത്. ബേസിൽ ജോസഫിന്റെ മിന്നൽ മുരളിയെന്ന ഹിറ്റ് സിനിമയിൽ ടൊവിനോ തോമസിനൊപ്പം പലപ്പോഴും ജോസ് മോനായി വസിഷ്ഠ് ഉണ്ടായിരുന്നു. ആറാം വയസിൽ ഷൊർണൂർ എ.യു.പി സ്കൂളിൽ പഠിക്കുമ്പോൾ കലാക്യാമ്പിൽ കവിത ചൊല്ലാൻ പോയ വസിഷ്ഠിന് നാടക ക്യാമ്പ് കണ്ടപ്പോൾ അഭിനയിക്കാൻ മോഹമുദിച്ചു. തുടർന്ന് നാടകത്തിൽ വേഷമിട്ടു. നാടകത്തിന് പുറമെ ടി.വി പരിപാടികളിലെല്ലാം സജീവമായി. അതാണ് സിനിമയിലേക്ക് വഴിതുറന്നത്. “മാമനെ കാണണം”- കലോത്സവത്തിന്റെ സമാപന ദിനത്തിൽ ടൊവിനോ തോമസ് വരുന്നുണ്ടെന്നറിഞ്ഞതിനാൽ വീണ്ടും കാണണമെന്ന വാശിയിലാണ് വസിഷ്ഠ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]