കൊച്ചി: മെഡിക്കൽ വിദ്യാർത്ഥിനി ഫാത്തിമത് ഷഹാന (21) ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. കോറിഡോറിനും ചുമരിനും ഇടയിലൂടെ വിദ്യാർത്ഥിനി വീണെന്നാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്. ഇന്നലെ രാത്രി 11 മണിക്കാണ് ഫാത്തിമത് കെട്ടികത്തിൽ നിന്നും വീണത്. പുലർച്ചെ രണ്ട് മണിക്ക് മരണം സംഭവിച്ചു.
വരാന്തയുടെ കൈവരിയിൽ ഇരുന്നപ്പോൾ ഫാത്തിമത് അബദ്ധത്തിൽ വീണുപോയതാകാമെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ വീഴ്ച ഉണ്ടായോ എന്നതുൾപ്പെടെ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. അഞ്ചാം നിലയിലെ മുറിയിലാണ് ഫാത്തിമത് താമസിച്ചിരുന്നത്. ഏഴ് നിലകളുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലെ കൊറിഡോറിൽ വച്ചാണ് അപകടമുണ്ടായത്. മറ്റ് കുട്ടികളും സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്നു. ഫാത്തിമത്തും കൂട്ടുകാരികളും സംസാരിച്ചിരിക്കവെ അബദ്ധത്തിൽ തെന്നി താഴെ വീണതാകാമെന്നാണ് നിഗമനം.
കൊറിഡോറിൽ ഇരുമ്പ് കൈവരികളുണ്ട്. ഇതിന് സമീപത്ത് ഫയർ സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ച സ്ഥലത്ത് ജിപ്സം ബോർഡ് കൊണ്ടായിരുന്നു മറച്ചിരുന്നത്. കൈവരികൾക്ക് മുകളിൽ ഇരുന്നപ്പോൾ അബദ്ധത്തിൽ ജിപ്സം ബോർഡ്തകർത്ത് താഴേക്ക് വീഴാനാണ് സാദ്ധ്യതയെന്ന് പൊലീസ് പറയുന്നു. ഹോസ്റ്റലിലെ ഏഴാം നിലയിലെ കോറിഡോറിന്റെ വശങ്ങൾ സുരക്ഷിതമല്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥർ കോളേജ് ഹോസ്റ്റലിൽ പരിശോധന തുടരുകയാണ്. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]