vargeese
കൊച്ചിയിൽ നടന്ന പ്രഥമ സ്കൂൾ ഒളിമ്പിക്സിന്റെ സമാപനച്ചടങ്ങ് ബെസ്റ്റ് സ്കൂൾ പട്ടത്തെച്ചൊല്ലിയുള്ള തർക്കം മൂലം അലങ്കോലമായ സംഭവത്തിൽ രണ്ട് സ്കൂളുകളെ വിദ്യാഭ്യാസവകുപ്പ് അടുത്ത കായികമേളയിൽ വിലക്കിയതിനെപ്പറ്റി
സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ എം.എസ് വർഗീസ് എഴുതുന്നു…
കളിക്കളത്തിനകത്തും പുറത്തും ഒരു കായിക താരത്തിന് ഏറ്റവും അനിവാര്യമായതാണ് അച്ചടക്കം. ഏത് മത്സരത്തിലായാലും തീരുമാനങ്ങളോട് വിയോജിപ്പുണ്ടെങ്കിൽ നിയമപരമായ രീതിയിൽ നിശ്ചിതസമയത്തിനകം പരാതി നൽകുന്നതിന് അപ്പുറത്തേക്ക് മത്സരവേദിയിൽ സമരം ചെയ്യാനോ പ്രതിഷേധിക്കുവാനോ കഴിയുകയില്ല. ഇതിന് കടകവിരുദ്ധമായ രീതിയിലാണ് കൊച്ചിയിലെ കായികമേളയിൽസംഭവിച്ചത്. അത്രയും ദിവസം വളരെ മനോഹരമായ രീതിയിൽ നടന്ന കായികമേളയുടെ തിളക്കം മുഴുവൻ കളഞ്ഞാണ് കായിക അദ്ധ്യാപകരും പരിശീലകരും കുട്ടികളും ട്രാക്കിൽ സമരക്കാരായി മാറിയത്. പൊലീസ് ഇടപെടലിലേക്കുവരെയെത്തിയത് ഒരു കായികമേളയിലും കലാമേളയിലും ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ്.
അതിന്റെ പേരിൽ രണ്ട് സ്കൂളുകളെ വിലക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി വൈകാരികപരമല്ലാതെ സമീപിച്ചാൽ തെറ്റായി കാണാനാവില്ല. പക്ഷേ നടപടി സൃഷ്ടിക്കാവുന്ന വരുംവരായ്കകളെക്കുറിച്ച് സാങ്കേതികമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നെങ്കിൽ കുട്ടികളെ ബലിയാടാക്കുന്ന രീതിയിലേക്ക് വിലക്ക് മാറില്ലായിരുന്നു.
1.ഒളിമ്പിക്സിലുൾപ്പെടെ രാജ്യങ്ങളെ വിലക്കാറുണ്ട്.പക്ഷേ ആ രാജ്യത്തെ യോഗ്യരായ കായികതാരങ്ങൾക്ക് ഒളിമ്പിക് കമ്മറ്റിയുടെ ബാനറിന് കീഴിൽ മത്സരിക്കാൻ അനുമതി നൽകും. ആ മാതൃകയിൽ ഈ സ്കൂളുകളിൽ യോഗ്യരായ കുട്ടികൾക്ക് അടുത്തകായികമേളയിൽ വിദ്യാഭ്യാസവകുപ്പിന്റെ പ്രത്യേക സംഘമായി മത്സരിക്കാനുള്ള അവസരം ഒരുക്കണം.
2. കായികതാരങ്ങൾക്ക് ചെറുപ്പത്തിലേ അച്ചടക്കത്തിന്റെ പാഠങ്ങൾ പകരേണ്ട അദ്ധ്യാപകരുടേയും പരിശീലകരുടേയും മാനേജ്മെന്റ് പ്രതിനിധികളുടേയും അറിവും സമ്മതത്തോടെയുമാണ് സംഭവം നടന്നത്. അപ്പോൾ അവർക്കെതിരെയല്ലേ നടപടിയെടുക്കേണ്ടത്.
3. ഈ വർഷം പ്രശ്നമുണ്ടാക്കിയ കുട്ടികളിൽ കൂടുതലും അവസാനവർഷക്കാരായിരിക്കും. അവർ ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്യും. ഈ വിലക്ക് അവരെ ബാധിക്കുന്നില്ല. എന്നാൽ അടുത്തവർഷം ഈ സ്കൂളുകളിൽ നിന്ന് മത്സരരംഗത്തേക്ക് വരേണ്ട നിരപരാധികളെ വിലക്കുന്നത് നിയമത്തിന് മുന്നിൽ നിലനിൽക്കില്ല.
4.സംസ്ഥാന കായികമേളകളിൽ ജില്ലകൾ തമ്മിലാണ് മത്സരിക്കുന്നത്. അവിടെ ബെസ്റ്റ് സ്കൂളിനുള്ള സമ്മാനം കൊടുക്കുന്നത് അവസാനിപ്പിച്ചാൽതന്നെ അനാവശ്യ പ്രവണതകളും കിടമത്സരങ്ങളും നിയന്ത്രിക്കാനാവും. കലാമേളയിൽ ഇല്ലാത്ത ബെസ്റ്റ് സ്കൂൾ കായിക മേളയിൽ എന്തിനാണ്. ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
5. ഇനി ബെസ്റ്റ് സ്കൂൾ പട്ടം നൽകുകയും എന്നാൽ കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യണമെങ്കിൽ അതിന് ഏറ്റവും ഉചിതമായ നടപടി അടുത്ത കായികമേളയിൽ ബെസ്റ്റ് സ്കൂളിനായി ഈ രണ്ട് സ്കൂളുകളെയും പരിഗണിക്കാതിരിക്കലാണ്.
6. ദേശീയ അമേച്വർ മീറ്റുകൾക്കും ദേശീയ ക്യാമ്പിനും വിടാതെ,കുട്ടികളെ ചെറുപ്രായത്തിൽ അമിതവർക്ക്ലോഡ് നൽകി സ്കൂളുകൾക്ക് പെരുമയുണ്ടാക്കാനുള്ള ഉപകരണങ്ങളാക്കുന്നതിനും മാറ്റം വരണം. മുൻ സ്കൂൾചാമ്പ്യന്മാരിൽ ഭൂരിപക്ഷവും സ്കൂൾ കഴിയുന്നതോടെ കൂമ്പടഞ്ഞുപോകുന്നതിന് കാരണം തുമ്പിയെക്കൊണ്ടുള്ള കല്ലെടുപ്പിക്കലാണ്.
കലാമേള തുടങ്ങുന്നതിന് മുമ്പ് ഈ തീരുമാനം പ്രഖ്യാപിച്ചതിലൂടെ അവിടെ പ്രതിഷേധമുയർത്താനൊരുങ്ങുന്നവർക്ക് ഒരു താക്കീതാണ് വിദ്യാഭ്യാസവകുപ്പ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. അപ്പീലുമായി സ്കൂളുകൾചെന്നാൽ വിലക്ക് മാറ്റാനുമിടയുണ്ട്. പക്ഷേ സ്കൂൾ ഒളിമ്പിക്സ് സമാപനവേദിയിലേതിന് സമാനമായ അലങ്കോലങ്ങൾ ആവർത്തിക്കാൻ അനുവദിക്കരുത്.