സ്കൂളിൽ നിന്നെത്തി തിടുക്കത്തിൽ ടെലിവിഷൻ തുറക്കുമ്പോൾ സച്ചിൻ ടെണ്ടുൽക്കർ ശതകത്തിന് തൊട്ടരികിലായിരിക്കും. വിശപ്പും ദാഹവും മറന്ന്, നെഞ്ചിടിപ്പോടെ ആ കാഴ്ചയിൽ കണ്ണുനട്ടിരിക്കും.
ഗാലറിയിൽ മാത്രമല്ല, മനസ്സിലും ‘സച്ചിൻ’ എന്ന മൂന്നക്ഷരം അലയടിക്കും. പുറത്താകരുതേ എന്ന പ്രാർത്ഥനയിലാവും ഓരോ നിമിഷവും.
ആ സെഞ്ചുറി പിറന്നാൽ ലോകം കീഴടക്കിയ സന്തോഷം, മറിച്ചായാലോ ദിവസങ്ങളോളം നീണ്ടുനിൽക്കുന്നൊരു നീറ്റൽ. എൺപതുകളിലും തൊണ്ണൂറുകളിലും ജനിച്ചവരുടെയെല്ലാം മനസ്സിലെ മായാത്ത ഓർമ്മയാണിത്.
കാലം മാറി, കഥ മറ്റൊരു സന്ധ്യയിലേക്ക്… റായ്പൂരിലെ ഗാലറി ഒരു കടലിരമ്പം പോലെ ആ പേര് ഏറ്റുവിളിക്കുന്നു. ആ നിമിഷം ക്യാമറക്കണ്ണുകളിൽ ഒപ്പിയെടുക്കാൻ ആയിരങ്ങൾ.
മാർക്കോ യാൻസന്റെ പന്ത് ലോങ് ഓണിലേക്ക് പായിച്ച് റണ്ണിനായി ഓടുമ്പോൾ, വായുവിലുയർന്നുചാടി അദ്ദേഹം തൻ്റെ മറ്റൊരു ശതകം പൂർത്തിയാക്കുകയാണ്. ഇന്നത്തെ ക്രിക്കറ്റിലെ ഇതിഹാസം, വിരാട് കോഹ്ലി.
തൻ്റെ 84-ാം അന്താരാഷ്ട്ര സെഞ്ചുറി, ഏകദിനത്തിലെ 53-ാം ശതകം. രണ്ട് തലമുറകൾ, വ്യത്യസ്തമായ ശൈലികൾ, നേരിട്ട
ബൗളർമാരും ക്രിക്കറ്റിലെ സാഹചര്യങ്ങളും എല്ലാം വെവ്വേറെ. എന്നിരുന്നാലും, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ്റെ 100 ശതകങ്ങൾ എന്ന അതുല്യമായ നേട്ടത്തിലേക്കുള്ള പ്രയാണത്തിലാണ് വിരാട് കോഹ്ലി.
2008-ൽ വിഖ്യാതമായ ഈഡൻ ഗാർഡൻസിൽ തുടങ്ങിയ ആ യാത്രയിൽ ഇനി താണ്ടാനുള്ളത് 16 സെഞ്ചുറികളുടെ ദൂരം മാത്രം. ക്രിക്കറ്റ് ദൈവത്തെ മറികടക്കാൻ വിരാട് കോഹ്ലിക്ക് സാധിക്കുമോ? എത്ര മത്സരങ്ങള് ഇനി ട്വന്റി 20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച കോഹ്ലിക്ക് മുന്നിലുള്ളത് ഏകദിന മത്സരങ്ങൾ മാത്രമാണ്.
കരിയറിൻ്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്ന കോഹ്ലിയെ ഒരുപക്ഷേ ഇന്ത്യയുടെ നീലക്കുപ്പായത്തിൽ അവസാനമായി കാണാനാവുക 2027-ലെ ഏകദിന ലോകകപ്പിലായിരിക്കാം. 2027 ഏഷ്യ കപ്പും ഏകദിന ലോകകപ്പും ഒഴിച്ചുനിർത്തിയാൽ ഇന്ത്യക്ക് മുന്നിൽ അധികം ഏകദിന പരമ്പരകളില്ല.
പ്രത്യേകിച്ചും ട്വന്റി 20 ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും പുരോഗമിക്കുന്ന സാഹചര്യത്തിൽ. ബിസിസിഐ സ്ഥിരീകരിച്ചിട്ടുള്ള മത്സരക്രമം അനുസരിച്ച്, ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് ശേഷം 2026 ജനുവരിയിൽ ന്യൂസിലൻഡ് ഇന്ത്യയിൽ പര്യടനത്തിനെത്തും.
തുടർന്ന് ജൂലൈയിൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത മറ്റു സാധ്യതകൾ കൂടി പരിഗണിച്ചാൽ, സെപ്റ്റംബറിൽ വെസ്റ്റ് ഇൻഡീസിനെതിരെയും ഒക്ടോബറിൽ ന്യൂസിലൻഡിലും ഡിസംബറിൽ ശ്രീലങ്കയ്ക്കെതിരെയും പരമ്പരകളുണ്ട്.
എല്ലാ പരമ്പരയിലും മൂന്ന് ഏകദിനങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ശേഷിക്കുന്ന ഒരു മത്സരം കൂടി ചേർത്താൽ ആകെ 16 ഏകദിനങ്ങൾ.
ഇനി ഏഷ്യാ കപ്പ് കൂടി പരിഗണിച്ചാൽ കുറഞ്ഞത് രണ്ട് മത്സരങ്ങളും, ഫൈനലിൽ എത്തിയാൽ ആറ് മത്സരങ്ങളും ലഭിക്കും. 2023-ലെ ഘടനയാണ് ഏകദിന ലോകകപ്പിൽ പിന്തുടരുന്നതെങ്കിൽ കുറഞ്ഞത് ഒൻപതും ഫൈനൽ വരെയെത്തിയാൽ 11 മത്സരങ്ങളും കളിക്കാം.
ആകെ 27 മുതൽ 33 വരെ മത്സരങ്ങളാണ് കോഹ്ലിക്ക് മുന്നിൽ പരമാവധി ഉണ്ടാകാൻ സാധ്യത. ലക്ഷ്യം 16 സെഞ്ചുറികളും.
ഇവിടെ ഏറ്റവും പ്രധാനമായി പരിഗണിക്കേണ്ടത് കോഹ്ലിയുടെ കൺവേർഷൻ റേറ്റാണ്. ഏകദിനത്തിൽ 295 ഇന്നിങ്സുകളാണ് കോഹ്ലി കളിച്ചിട്ടുള്ളത്.
ഇതിൽ 128 തവണയും അദ്ദേഹം 50 റൺസിന് മുകളിൽ സ്കോർ ചെയ്തു. അർദ്ധശതകം കടന്ന 128 ഇന്നിങ്സുകളിൽ 53 തവണയും അത് മൂന്നക്കത്തിലെത്തിക്കാൻ കോഹ്ലിക്ക് കഴിഞ്ഞു.
അതായത്, അർദ്ധശതകം പിന്നിട്ടാൽ ശതകത്തിലേക്കെത്താനുള്ള കോഹ്ലിയുടെ കൺവേർഷൻ റേറ്റ് 42.4 ശതമാനമാണ്. അവിശ്വസനീയമായ സ്ഥിരതയാണിത്.
ഇനി അവശേഷിക്കുന്ന മത്സരങ്ങളുടെ എണ്ണം വെച്ച് ഈ കണക്ക് പരിശോധിച്ചാൽ, ലക്ഷ്യം നേടാൻ 48 മുതൽ 59 ശതമാനം വരെ കൺവേർഷൻ റേറ്റ് ആവശ്യമായി വരും. ഇത് കോഹ്ലിക്ക് സാധ്യമാകുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും.
അതിന് കാരണം വിരാട് കോഹ്ലി എന്ന പോരാളി തന്നെയാണ്; പ്രതിസന്ധികളെ അതിജീവിക്കാനുള്ള അദ്ദേഹത്തിന്റെ അപാരമായ കഴിവ്. ഈയൊരു വിലയിരുത്തൽ തന്നെയാണ് ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായി കോഹ്ലിയെ വാഴ്ത്താൻ കാരണം.
അതിശയിപ്പിക്കുന്ന കായികക്ഷമത ഇവിടെ ഏറ്റവും നിർണായകമാകുന്ന മറ്റൊരു ഘടകം ശാരീരികക്ഷമതയാണ്. അതിൽ മറ്റൊരു ചോദ്യത്തിന് പ്രസക്തിയില്ലെങ്കിലും റായ്പൂരിലെ ഇന്നിങ്സിലേക്ക് വീണ്ടും ശ്രദ്ധിക്കാം.
റാഞ്ചിയിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു കോഹ്ലിയുടെ പ്രകടനം. ഒരു ഏകദിന ഇന്നിങ്സ് എങ്ങനെ കെട്ടിപ്പടുക്കണം എന്നതിൻ്റെ ഉത്തമ ഉദാഹരണമായിരുന്നു അത്.
ആറാം ഓവറിൽ ക്രീസിലെത്തിയ കോഹ്ലി, നേരിട്ട നാലാം പന്തിൽ എൻഗിഡിക്കെതിരെ പുൾ ഷോട്ടിലൂടെ ഒരു സിക്സർ പറത്തിയാണ് റൺവേട്ട
ആരംഭിച്ചത്. ഒരു സിക്സറിലൂടെ ഇന്നിങ്സ് തുടങ്ങുന്നത് കോഹ്ലിയുടെ കരിയറിൽ അപൂർവ്വമാണ്.
എട്ടാം ഓവറിൽ യാൻസനെതിരെ ഒരു ബൗണ്ടറി. പിന്നീട് 12 ഓവറുകൾക്ക് ശേഷമാണ് കോഹ്ലിയുടെ ബാറ്റിൽ നിന്ന് പന്ത് ബൗണ്ടറി കടന്നത്.
ഈ സമയത്തെല്ലാം സ്ട്രൈക്ക് റേറ്റ് 90-നും 100-നും ഇടയിൽ നിലനിർത്താൻ അദ്ദേഹത്തിനായി. 47 പന്തിൽ അർദ്ധ സെഞ്ചുറി പൂർത്തിയാക്കുമ്പോൾ 18 റൺസ് മാത്രമാണ് ബൗണ്ടറിയിലൂടെ നേടിയത്, 32 റൺസ് ഓടിയെടുത്തു.
അപ്പോഴേക്കും സ്ട്രൈക്ക് റേറ്റ് 100 കടന്നിരുന്നു. ഇതേ മികവ് ഇന്നിങ്സിന്റെ രണ്ടാം ഘട്ടത്തിലും ആവർത്തിച്ചു.
പിന്നീട് നാല് ഫോറും ഒരു സിക്സും മാത്രമാണ് നേടിയത്. 93 പന്തിൽ 102 റൺസ് നേടിയ ആ ഇന്നിങ്സിൽ 62 റൺസും ഓടിയെടുത്തതാണ്.
ഏഴ് തവണ രണ്ട് റൺസും, ഒരു തവണ മൂന്ന് റൺസും, 45 സിംഗിളുകളും. മറുവശത്ത് ഋതുരാജിന്റെ ഇന്നിങ്സ് ശ്രദ്ധിച്ചാൽ, 83 പന്തിൽ 105 റൺസ് നേടിയപ്പോൾ 60 റൺസും വന്നത് ബൗണ്ടറികളിൽ നിന്നാണ്.
കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിൽ നിന്ന് വലിയ വ്യത്യാസവുമില്ല. വിക്കറ്റുകൾക്കിടയിലെ ഓട്ടം എത്രത്തോളം പ്രധാനമാണെന്ന് കോഹ്ലി ഈ ഇന്നിങ്സിലൂടെ തെളിയിച്ചു.
38 വയസ്സ് പിന്നിടുമ്പോഴും കരിയറിലുടനീളം കാത്തുസൂക്ഷിച്ച അതേ കായികക്ഷമത അദ്ദേഹം നിലനിർത്തുന്നു. റാഞ്ചിയിൽ 39 ഓവറും റായ്പൂരിൽ 33 ഓവറും കോഹ്ലി ബാറ്റ് ചെയ്തു.
ഇത് അദ്ദേഹത്തിൻ്റെ കായികമികവിൻ്റെ തെളിവാണ്. ഈ ഫോം തുടർന്നാൽ, 16 സെഞ്ചുറികൾ എന്ന കടമ്പ മറികടക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് വിശ്വസിച്ചേ മതിയാവൂ.
കരിയറിൽ 25-30 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ, ഇനിയും 16 ശതകങ്ങൾ നേടി ക്രിക്കറ്റിലെ ആ ഇതിഹാസത്തെയും മറികടക്കാൻ കോഹ്ലിക്ക് സാധിക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നു. ഏകദിന ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ സ്ഥാനമെന്താണെന്ന് ഒന്നോർത്തു നോക്കൂ.
വിരാട് കോഹ്ലി, അസാധാരണ പ്രതിഭ. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

