
പത്തനംതിട്ട: കുടുംബശ്രീ അംഗങ്ങൾക്ക് വിവിധ വിഷയങ്ങളിൽ ക്ലാസ് നൽകുന്നതിന് കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന തിരികെ സ്കൂളിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. സ്കൂൾ വിദ്യാഭ്യാസ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ചിട്ടുള്ളത്. രാവിലെ 9.30 മുതൽ 4.30 വരെയാണ് ക്ലാസ് സമയം. 9.30 മുതൽ 9.45 വരെ അസംബ്ലിയാണ്. ഇതിൽ കുടുംബശ്രീയുടെ മുദ്രഗീതം ആലപിക്കും. അതിനു ശേഷം ക്ലാസുകൾ ആരംഭിക്കും. സംഘാടനാ ശക്തി അനുഭവ പാഠങ്ങൾ, അയൽക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്മജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനംആശയങ്ങൾ പദ്ധതികൾ, ഡിജിറ്റൽ കാലം എന്നിവയാണ് പാഠ്യ വിഷയങ്ങൾ. ഇവയോരോന്നും അഞ്ചു പാഠങ്ങളായി തിരിച്ചാണ് പരിശീലനം നൽകുക. പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സൺമാരാണ് അദ്ധ്യാപകരായി എത്തുന്നത്. ഉച്ചയ്ക്ക് മുമ്പ് പതിനഞ്ച് മിനിട്ട് ഇടവേളയുണ്ട്. ഒന്നു മുതൽ ഒന്നേ മുക്കാൽ വരെയാണ് ഉച്ചഭക്ഷണത്തിനുള്ള സമയം. എല്ലാവരും ഒരുമിച്ചിരുന്നാകും ഭക്ഷണം കഴിക്കുക. കൂടാതെ ഈ സമയത്ത് ചെറിയ കലാപരിപാടികളും നടത്തും. ഓരോ പീരിയഡ് കഴിയുമ്പോഴും ബെല്ലടിക്കും. ഉച്ചഭക്ഷണം, കുടിവെള്ളം. സ്നാക്സ്, സ്കൂൾ ബാഗ്, സ്മാർട്ട് ഫോൺ, ഇയർഫോൺ എന്നിവ വിദ്യാർത്ഥിനികൾ തന്നെയാണ് കൊണ്ടു വരേണ്ടത്. താൽപര്യമുള്ള അയൽക്കൂട്ടങ്ങൾക്ക് യൂണിഫോമും ധരിക്കാമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
ജീവിതമെന്ന വിദ്യാലയത്തിൽ നമ്മുടെ കുടുംബശ്രീ പ്രവർത്തകർ ഒന്നടങ്കം ഉത്തമ വിദ്യാർഥികളായി മാറുകയാണെന്ന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ പറഞ്ഞു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആദില, പള്ളിക്കൽ പഞ്ചായത്ത് സെക്രട്ടറി സജീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മനു, എ പി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]