കൊല്ലം ∙ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തേവലക്കര സ്വദേശിനി
ശരീരത്തിൽ 46 മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുറിവുകൾ പലതും മരിക്കുന്നതിന് മണിക്കൂറുകൾ മുൻപ് മുതൽ ഒരാഴ്ച വരെ മാത്രം പഴക്കമുള്ളതാണ്.
കഴുത്ത് ഞെരിഞ്ഞാണ് അതുല്യയുടെ മരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു.
ആത്മഹത്യയോ കൊലപാതകമോ ആകാമെന്നാണ് ഇതിലെ നിഗമനം. ദുബായിൽ നടന്ന അതുല്യയുടെ പോസ്റ്റ്മോർട്ടത്തിൽ തൂങ്ങി മരണമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പാരിപ്പള്ളി മെഡിക്കൽ കോളജിലെ റീ പോസ്റ്റ്മോർട്ടത്തിലെ കഴുത്ത് ഞെരിഞ്ഞ് മരിച്ചുവെന്ന കണ്ടെത്തൽ അതുല്യയുടെ മരണം കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണം ബലപ്പെടുത്തുന്നതാണ്.
എങ്കിലും മരണം ആത്മഹത്യയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ദുബായിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടോ വിശദമായ വിവരങ്ങളോ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന് ഇതുവരെ ലഭിച്ചിട്ടില്ല.
യുഎഇയിൽ നിന്ന് ലഭിച്ച മരണ സർട്ടിഫിക്കറ്റിൽ മരണകാരണം തൂങ്ങിമരണമാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
അതുല്യയെ ഭർത്താവ് സതീഷ് ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പുറത്തുവന്ന ദൃശ്യങ്ങൾ സമീപ കാലത്തേതല്ലെന്നാണ് സതീഷിന്റെ വാദം.
കഴിഞ്ഞ ജൂലൈ 19 നാണ് തേവലക്കര കോയിവിള അതുല്യ ഭവനിൽ അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ആരോപണ വിധേയനായ ഭർത്താവ് സതീഷ് നാട്ടിലെത്തിയെങ്കിലും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
റീ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ സതീഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കി ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ നൽകണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി 8ന് പരിഗണിക്കാനിരിക്കുകയാണ്.
…