കണ്ണൂർ: വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ കാറിൽ നിന്നും കൈക്കൂലി പണം പിടിച്ചു. കണ്ണൂർ ആർ.ടി ഓഫീസിലെ സീനിയർ സൂപ്രണ്ടാണ് കൈക്കൂലി പണവുമായി പിടിയിലായത്.
ഇയാൾ ആർ.ടി ഓഫീസുമായി ബന്ധപ്പെട്ട് നടക്കുന്ന രജിസ്ട്രേഷൻ, റി-രജിസ്ട്രേഷൻ, ഹൈപ്പോത്തിക്കേഷൻ ക്യാൻസലേഷൻ, പെർമിറ്റ് തുടങ്ങിയ ആവശ്യങ്ങൾക്കായി വരുന്ന അപേക്ഷകരിൽ നിന്നും ഏജന്റ് വഴി കൈക്കൂലി കൈപ്പറ്റുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥൻ ഡ്യൂട്ടി കഴിഞ്ഞ് ആർ.ടി ഓഫീസിൽ നിന്നും പോകുമ്പോൾ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന വ്യക്തി കൈക്കൂലി പണം കൈമാറുന്നതായി വിജിലൻസിന് വിവരം ലഭിച്ചു.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സ്പെഷ്യൽ സെല്ലിൽ നിന്നുള്ള വിജിലൻസ് സംഘം ഇന്നലെ ഒരു മിന്നൽ പരിശോധന നടത്തി. ഉദ്യോഗസ്ഥൻ ജോലി സമയം കഴിഞ്ഞ് കൈക്കൂലി പണം കൈപ്പറ്റിയ ശേഷം രാത്രി 8:00 മണിയോടുകൂടി സ്വന്തം കാറിൽ തലശ്ശേരിയിലുള്ള വീട്ടിലേക്ക് പോകുന്ന വഴി കണ്ണൂർ തയ്യിൽ എന്ന സ്ഥലത്തുവച്ച് വിജിലൻസ് സംഘം തടഞ്ഞു നിർത്തി പരിശോധന നടത്തി.
പരിശോധനയിൽ ഉദ്യോഗസ്ഥന്റെ കാറിൽ നിന്നും കണക്കിൽപ്പെടാത്ത 32,200 രൂപ പിടിച്ചെടുത്തു. തുടർന്ന് ആർ.ടി ഓഫീസിലും വിജിലൻസ് പരിശോധന നടത്തി.
രാത്രി 08.30 മണിക്ക് ആരംഭിച്ച മിന്നൽ പരിശോധന രാത്രി 10.00 മണിക്ക് അവസാനിച്ചു. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]