കൊച്ചി ∙
നോർത്ത് റെയിൽവേ സ്റ്റേഷന് പ്ലാറ്റ്ഫോമിലൂടെ ബൈക്ക് ഓടിച്ച യുവാവ് ലഹരി, അടിപിടി കേസുകളിലും പ്രതി. പ്ലാറ്റ്ഫോമിലൂടെ ആഡംബര ബൈക്ക് ഓടിച്ച ശേഷം ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെട്ട
യുവാവ് ഇപ്പോഴും ഒളിവിലാണ്. യുവാവിന്റെ കയ്യിൽ ചുവന്ന നിറത്തിലുള്ള ഒരു ബാഗുണ്ടായിരുന്നു.
ഇതിൽ ഉള്ള വസ്തു ഒളിപ്പിക്കാനോ അല്ലെങ്കിൽ പേടിച്ചിട്ടോ ആയിരിക്കാം യുവാവ് ബൈക്ക് ഉപേക്ഷിച്ച് മുങ്ങിയത് എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. റെയില്വെ പൊലീസ് എറണാകുളം ഡിവൈഎസ്പി ജോർജ് ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.
പെരുമ്പാവൂർ മുടിക്കൽ സ്വദേശി എം.എസ്.അജ്മലിന്റെ പേരിലാണ് തൈക്കുടത്തെ സ്ഥാപനത്തിൽ നിന്ന് നാലു ലക്ഷത്തോളം രൂപ വിലയുള്ള ബൈക്ക് വാടകയ്ക്ക് എടുത്തിരുന്നത്.
ഇവിടെ നൽകിയ തിരിച്ചറിയൽ കാർഡിൽ നിന്നാണ് ബൈക്ക് വാടകയ്ക്ക് എടുത്തത് അജ്മലാണെന്ന് തിരിച്ചറിഞ്ഞത്. മണിക്കൂറിന് 65 രൂപ നിരക്കിൽ ഓഗസ്റ്റ് 30ന് ഒരു മാസത്തേക്കാണ് ബൈക്ക് എടുത്തത്.
തുടർന്ന് റെയിൽവെ നടത്തിയ അന്വേഷണത്തിൽ അജ്മൽ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തി. അമ്പലമേട്, കോതമംഗലം പൊലീസ് സ്റ്റേഷനുകളിൽ അജ്മലിന്റെ പേരിൽ അടിപിടി കേസുകളുണ്ട്.
ഏലൂർ പൊലീസ് 2022ലും എറണാകുളം എക്സൈസ്, കളമശേരി പൊലീസ് എന്നിവർ 2024ലും എംഡിഎംഎയുമായി ബന്ധപ്പെട്ട് അജ്മലിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുകളിലെല്ലാം ജാമ്യത്തിലാണ് ഇയാൾ.
കഴിഞ്ഞ ദിവസം പുലർച്ചെ നാലരയോടെ പ്ലാറ്റ്ഫോമിന്റെ രണ്ടാം നമ്പർ പ്രവേശന കവാടത്തിലൂടെ യുവാവ് ബൈക്കുമായി പ്രവേശിക്കുകയായിരുന്നു.
ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. യുവാവിനെ പിടികൂടാൻ ആർപിഎഫ് ശ്രമിച്ചെങ്കിലും യുവാവ് ബൈക്ക് നിർത്തി താക്കോലുമായി കടന്നുകളയുകയായിരുന്നു.
ലഹരി കേസുകളിൽ പ്രതിയാണ് എന്നതു കൊണ്ടു തന്നെ ഒന്നുകിൽ ബൈക്ക് ഓടിച്ചിരുന്ന സമയത്ത് യുവാവ് ലഹരി ഉപയോഗിച്ചിരിക്കാം, അല്ലെങ്കിൽ ബാഗിൽ ലഹരി വസ്തുക്കൾ ഉണ്ടായിരിക്കാം. ഇതിനാലാണ് ഓടി രക്ഷപെട്ടതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ആരിൽ നിന്നെങ്കിലും രക്ഷപെടാനുള്ള ശ്രമത്തിൽ പ്ലാറ്റ്ഫോമാണെന്ന് അറിയാതെ ചെറിയ വഴിയിലൂടെ കയറി വന്നതുമാകാം എന്നും പൊലീസ് അനുമാനിക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]