മോസ്കോ∙ യുഎസ്, യൂറോപ്യൻ യൂണിയൻ സമാധാന ശ്രമങ്ങൾക്കിടെ യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ അഞ്ഞൂറിലധികം ഡ്രോണുകളും ഡസൻ കണക്കിന് മിസൈലുകളുമാണ് റഷ്യ വർഷിച്ചത്.
ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാനശ്രമം നടപ്പാക്കാനുള്ള യുഎസ് ശ്രമം വിജയിക്കാതെ വന്നതോടെ ചില യൂറോപ്യൻ രാജ്യങ്ങൾ യുക്രെയ്ന് അനുകൂലമായി രംഗത്തെത്തിയിരുന്നു.
ഇതിനിടെയാണ് റഷ്യൻ ആക്രമണം. കഴിഞ്ഞ രാത്രിയിലെ ആക്രമണത്തിൽ റഷ്യ 502 ഡ്രോണുകളും 24 മിസൈലുകളും വിക്ഷേപിച്ചതായി യുക്രെയ്ൻ വ്യോമസേന ടെലിഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
ഇതിൽ 430 ഡ്രോണുകളും 21 മിസൈലുകളും തകർത്തെന്നും 14 സ്ഥലങ്ങളിലായി 69 ഡ്രോണുകളും മൂന്ന് മിസൈലുകളും വീണതായും യുക്രെയ്ൻ വ്യോമസേന അറിയിച്ചു.
ഇതിനിടെ യുക്രെയ്ന് പിന്തുണയുമായി ബാൾട്ടിക്, നോർഡിക് രാജ്യങ്ങളുടെ പ്രതിനിധികൾ ഡെന്മാർക് തലസ്ഥാനമായ കോപൻഹേഗനിൽ സംഗമിക്കാൻ നീക്കം നടത്തുന്നുണ്ട്. ഡെന്മാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഐസ്ലാൻഡ്, ലാറ്റ്വിയ, ലിത്വാനിയ, നോർവേ, സ്വീഡൻ രാജ്യങ്ങളുടെ നേതാക്കൾ യുക്രെയ്ന്റെ ഭാവി സംബന്ധിച്ച് പ്രസിഡന്റ് സെലൻസ്കിയുമായി ചർച്ച നടത്തും.
ബ്രിട്ടിഷ്, ഫ്രഞ്ച് നേതാക്കളായ കിയർ സ്റ്റാമർ, ഇമ്മാനുവൽ മാക്രോൺ എന്നിവരുമായി ഓൺലൈനിലും സെലൻസ്കി ചർച്ച നടത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]