
തിരുവനന്തപുരം: പാര്‍ട്ടി വിട്ടുപോകുമെന്ന പ്രചരണം തള്ളി സിപിഎം ജില്ലാ കമ്മിറ്റി അംഗം കരമന ഹരി. തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും ആര്‍ജവമുള്ള സിപിഎം പ്രവര്‍ത്തകനായി തുടരുമെന്നും കരമന ഹരി ഫേയ്സ്ബുക്കിലിട്ടി കുറിപ്പിലൂടെ വ്യക്തമാക്കി. പാര്‍ട്ടി വിട്ടുപോകുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും തിരുവനന്തപുരം ജില്ലാ കമ്മിറ്റി തന്നോട് വിശദീകരണം തേടിയിട്ടില്ലെന്നും കരമന ഹരി വിശദീകരിച്ചു. തലസ്ഥാനത്ത് ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം എന്ന് കരമന ഹരി ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനെ തള്ളികൊണ്ടാണ് കരമന ഹരി ഫേയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.
കരമന ഹരിയുടെ ഫേയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
തെറ്റായ വാർത്തയെ തള്ളികളയുക – കരമന ഹരി
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ട് വന്ന കെട്ടിച്ചമച്ച വാർത്തകൾ സംബന്ധിച്ച് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് തന്നെ വിശദീകരണം നൽകിയിട്ടുള്ളതാണ്. എന്നാൽ, എന്നെ ബന്ധപ്പെടുത്തി വിവിധ വാർത്താമാധ്യമങ്ങളിലും നവമാധ്യമങ്ങളിലും പ്രചരിപ്പിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. എന്നോട് പാർട്ടി ജില്ലാ കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. ഞാൻ സിപിഐ(എം) വിട്ട് പോകുന്നു എന്ന് പ്രചരിപ്പിക്കുന്ന വാർത്ത ബോധപൂർവം പ്രചരിപ്പിക്കുകയാണ്. ജില്ലാ സെക്രട്ടറിയേറ്റ് വിശദീകരണ കുറിപ്പിൽ പറയുന്നത് പോലെ എതോ ഒരു കേന്ദ്രത്തിൽ നിന്ന് ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തയാണ്. കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെ കാലമായി സിപിഐ(എം) ന്റെ എളിയ പ്രവർത്തകനായും ജനപ്രതിനിധിയായും പ്രവർത്തിച്ച പ്രവർത്തകനാണ് ഞാൻ. വർഗ്ഗീയ ശക്തികൾ എന്റെ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ എന്റെ വീട് ആക്രമിച്ച് എന്റെ അച്ഛന്റെ വിരൽ വെട്ടിമാറ്റുകയും സഹോദരിയേയും സഹോദരനേയും വെട്ടി പരിക്കേൽപ്പിച്ച് വീട്ടുപകരണങ്ങൾ തകർത്ത് ബോംബെറിഞ്ഞപ്പോഴും ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന ആർജവത്തോടെ ഞാനും എന്റെ കുടുംബവും സിപിഐ(എം) പ്രവർത്തകരായി നിലകൊണ്ടു. ഇനിയും തുടരുക തന്നെ ചെയ്യും. മറ്റ് എല്ലാ കുപ്രചരണങ്ങളും വ്യാജവാർത്തകളും തള്ളികളയണം.
Last Updated Jul 3, 2024, 5:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]