മലയാള സിനിമയിലെ ശ്രദ്ധേയനായ അഭിനേതാവ് മണിയൻപിള്ള രാജു തന്റെ കാൻസർ അതിജീവനകാലത്തെ അനുഭവങ്ങൾ പങ്കുവെക്കുന്നു. കേരളം കാൻ 2026 എന്ന പരിപാടിയിലാണ് താൻ നേരിട്ട
രോഗാവസ്ഥയെക്കുറിച്ചും ചികിത്സാഘട്ടങ്ങളെക്കുറിച്ചും അദ്ദേഹം മനസുതുറന്നത്. തുടക്കത്തിൽ ചെവിവേദനയും തലയുടെ ഒരു ഭാഗത്തുണ്ടായ മരവിപ്പുമാണ് രോഗലക്ഷണങ്ങളായി അനുഭവപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
രോഗനിർണ്ണയത്തെക്കുറിച്ച് മണിയൻപിള്ള രാജു പറയുന്നതിങ്ങനെ: “ചെവിവേദനയും തലയുടെ ഒരു ഭാഗത്ത് മരവിപ്പും. അങ്ങനെയാണ് തുടക്കം.
പന്ത്രണ്ടോളം ഇഎൻടി ഡോക്ടേഴ്സിനെ കാണിച്ചു. ചെവിയിൽ ഒഴിക്കാൻ മരുന്ന് തന്നു.
ഷൂട്ടിങിന് പോയാലും നേരം വെളുക്കും വരെ കാത്തിരിക്കും ഈ വേദന കുറയാൻ. അങ്ങനെ ഒരു ദിവസം മോഹൻലാൽ നിർദേശിച്ച ഒരു ഡോക്ടറെ പോയി കണ്ടു.
അദ്ദേഹം എക്സറെ എടുപ്പിച്ച് നോക്കി. പല്ലിന് ഒരു വശത്തായി ഞരമ്പ് പിടച്ചിരിക്കുന്നതായി കണ്ടു.
ദന്തഡോക്ടറെ കാണാനും നിർദേശിച്ചു. നിരന്തരമുള്ള ചെവിവേദന ഒരു നല്ല ലക്ഷണമല്ലല്ലോ.
ഇഞ്ചക്ഷൻ അടക്കം നൂറായിരം കാര്യങ്ങളെ എനിക്ക് ഭയമാണ്. ഡെന്റിസ്റ്റിനെ കണ്ട് അദ്ദേഹത്തിന്റെ നിർദേശപ്രകാരം ആ പല്ല് ഇളക്കി കളഞ്ഞു.
പക്ഷെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ വേദന തിരികെ വന്നു. സഹിക്കാൻ കഴിയുന്നില്ല.
അവസാനം തിരുവനന്തപുരത്ത് പോയി എംആർഐ എടുക്ക് നോക്കിയപ്പോൾ കഴുത്തിന് താഴെ കാൻസർ കണ്ടെത്തി. രണ്ട് ഓപ്പറേഷനിലൂടെ എടുത്ത് കളഞ്ഞു.
30 റേഡിയേഷനുകളും അഞ്ച് കീമോയും ചെയ്തു. മുപ്പത് റേഡിയേഷൻ എന്നത് ബുദ്ധിമുട്ടേറിയ ഒന്ന് തന്നെയായിരുന്നു.” രോഗാവസ്ഥയിൽ തനിക്ക് പിന്തുണയുമായി എത്തിയവരെക്കുറിച്ചും അദ്ദേഹം ഓർക്കുന്നു.
“മമ്മൂട്ടിയോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു നീ ഫൈറ്റ് ചെയ്യണമെന്ന്. റേഡിയേഷൻ സമയത്തെല്ലാം എനിക്ക് ഭയമായിരുന്നു.
അവസാനം ഒരെണ്ണം കുറച്ച് തരാൻ വരാൻ വരെ ഡോക്ടറോട് ഞാൻ ആവശ്യപ്പെട്ടു. ഡിസ്കൗണ്ട് ചോദിച്ചെങ്കിലും മുപ്പതും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.” ശാരീരിക മാറ്റങ്ങളെ പരിഹസിക്കുന്നവരോട് താൻ സ്വീകരിച്ച നിലപാടിനെക്കുറിച്ചും താരം വ്യക്തമാക്കി.
“അസുഖം വന്നശേഷം കളിയാക്കലുകൾ നിരവധി അഭിമുഖീകരിക്കേണ്ടി വന്നു. ശരീര ഭാരം കുറഞ്ഞതുകൊണ്ടായിരുന്നു ഏറെയും പരിഹാസം.
എല്ലാവരും വന്ന് ചോദിക്കും എന്ത് പറ്റി? വല്ലാതെ ഓഞ്ഞുപോയല്ലോ… ചാവാറായല്ലോ എന്നൊക്കെയാണ് ചോദിക്കുന്നത്. അങ്ങനെ ചോദിക്കുന്നവരോട് കാൻസറാണെന്ന് തുറന്ന് പറയും.
അതൊക്കെ പേപ്പറിൽ വായിച്ചു എന്ന് അവർ അപ്പോൾ മറുപടി പറയും. എന്നിട്ടും പിന്നെ എന്തിന് മെനക്കെടുത്തിയെന്ന് ഞാനും തിരിച്ച് ചോദിക്കും.” ചികിത്സാ കാലയളവിൽ സുഹൃത്തുക്കളുടെ സാമീപ്യത്തെക്കുറിച്ച് മണിയൻപിള്ള രാജു ഇങ്ങനെ കൂട്ടിച്ചേർത്തു: “സുഖമില്ലാതെ കിടന്നപ്പോൾ എന്നെ കാണാൻ ആരും വന്നില്ല.
മോഹൻലാലും മമ്മൂട്ടിയും മാത്രമെ വന്നുള്ളൂ.” നിലവിൽ തന്റെ പഴയ ശാരീരിക അവസ്ഥയിലേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

