
കൊച്ചി: ആറാം ക്ലാസുകാരനായ മകൻ ജ്യോമെട്രി ബോക്സും ബുക്കും നഷ്ടപ്പെടുത്തിയതിന്റെ ദേഷ്യം പിതാവ് തീർത്തത് പൊതിരെ തല്ലിയും വെള്ളത്തിൽ തല മുക്കിപ്പിടിച്ചും. അടിയേറ്റ് കൈയൊടിഞ്ഞ 11കാരൻ ആശുപത്രിയിലായി. സംഭവത്തിൽ പിതാവ് തൃക്കാക്കര നോർത്ത് തോഷിബ ജംഗ്ഷനിൽ താമസിക്കുന്ന തമിഴ്നാട് വില്ലുപുരം 2611 അഗ്രഹാര സ്ട്രീറ്റ് സ്വദേശി ശിവകുമാറിനെ (34) കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു.
ഈമാസം ഒന്നിന് രാത്രി 8.30നായിരുന്നു സംഭവം. ഒളിവിൽ പോയ ശിവകുമാറിനെ ഇന്നലെ രാവിലെ തൃക്കാക്കര എ.ജി.ഒ ക്വാർട്ടേഴ്സ് പരിസരത്ത് നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുകയാണ് ശിവകുമാർ. രണ്ട് ദിവസം പിതാവിനൊപ്പം താമസിക്കാൻ എത്തിയതായിരുന്നു കുട്ടി. കറവക്കാരനും മരംവെട്ട് തൊഴിലാളിയുമായ പ്രതി വാങ്ങിനൽകിയ ജ്യോമെട്രി ബോക്സും ബുക്കും മകന്റെ കൈയിൽ നിന്ന് കാണാതായിരുന്നു.
ശനിയാഴ്ച രാത്രി മദ്യലഹരിയിൽ വീട്ടിലെത്തിയ ശിവകുമാർ ബോക്സും പുസ്തകവും തിരിച്ചുകിട്ടിയില്ലേയെന്ന് ആക്രോശിച്ച് വീടിന് പുറത്തുകിടന്ന വടിയെടുത്ത് മകന്റെ ദേഹമാകെ അടിക്കുകയും ബക്കറ്റിലെ വെള്ളത്തിൽ തല മുക്കിപ്പിടിക്കുകയുമായിരുന്നു. കരച്ചിൽകേട്ട് ഓടിക്കൂടിയ അൽവാസികളാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
കുട്ടിയുടെ ഇടത് കൈത്തണ്ടയ്ക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ കളമശേരി പൊലീസിനെ അറിയിച്ചു.
കളമശേരി എസ്.എച്ച്.ഒ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിൽ എസ്.ഐ രഞ്ജിത്ത്, എസ്.സി.പി.ഒമാരായ മാഹിൻ അബൂബക്കർ, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.