
.news-body p a {width: auto;float: none;}
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. കൊലപാതകങ്ങൾ നടന്ന് എട്ട് ദിവസങ്ങൾക്ക് ശേഷമാണ് അഫാനെ ജയിലിലേക്ക് മാറ്റിയത്. കഴിഞ്ഞ ശനിയാഴ്ച തന്നെ അഫാനെ ജയിലിലേക്ക് മാറ്റുമെന്ന് പറഞ്ഞിരുന്നുവെങ്കിലും മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് ജയിലിലേക്ക് മാറ്റാതിരുന്നത്.
ഇന്നലെ കാമുകിയെയും അനുജനെയും കൊന്ന കേസിൽ വെഞ്ഞാറമൂട് പൊലീസ് അഫാനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ നാളെ അഫാനെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം. കൊലപാതകങ്ങൾക്ക് ശേഷം അഫാൻ എലിവിഷം കഴിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 90 ദിവസത്തിനകം കുറ്റപ്പത്രം നൽകാനാണ് പൊലീസ് നീക്കം.
പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് ഇന്നലെ അറിയിച്ചിരുന്നു. പൂർണ ബോധത്തോടെയാണ് ഇയാൾ കൂട്ടക്കൊല നടത്തിയതെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു. സാമ്പത്തിക ബാദ്ധ്യത തന്നെയാണ് എല്ലാവരെയും കൊന്ന് ജീവനൊടുക്കാൻ പ്രേരണയായതെന്നാണ് അഫാൻ പൊലീസിന് വീണ്ടും മൊഴി നൽകിയത്. താൻ ഒറ്റയ്ക്ക് മരിച്ചാൽ അനുജനും അമ്മയ്ക്കും ആരും ഉണ്ടാകില്ല. അവർ നരകിക്കും. അതു താങ്ങാനാകില്ല. കാമുകിയും ഒറ്റയ്ക്കാകും. അവളെ ഒറ്റയ്ക്ക് ഉപേക്ഷിച്ചുപോകാൻ മനസു വന്നില്ല. വലിയ ഉപ്പയും ഭാര്യയും ഉമ്മുമ്മയും തങ്ങളുടെ ബുദ്ധിമുട്ടിനെക്കുറിച്ച് മനസിലാക്കി സഹായിച്ചില്ല. അതിനാൽ അവരും ജീവിക്കേണ്ട എന്ന് കരുതിയതെന്നുമാണ് അഫാൻ മൊഴി നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സംഭവദിവസം അഫാൻ മദ്യം കഴിച്ചിരുന്നതായും വ്യക്തമായി. എന്നാൽ രാസലഹരി ഉപയോഗിച്ചിരുന്നോ എന്നതിൽ വ്യക്തത തേടി രക്തപരിശോധ നടത്തിയതിന്റെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഉറ്റബന്ധുക്കളായ മൂന്നുപേരെക്കൂടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായും അഫാൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ‘തട്ടത്തുമലയിൽ താമസിക്കുന്ന ഉമ്മയുടെ ബന്ധുക്കളായ അമ്മയെയും മകളെയും വെഞ്ഞാമൂടുള്ള മാമനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, അനുജനെ തലയ്ക്കടിച്ച് കൊന്നതോടെ തന്റെ മനോവീര്യം നഷ്ടമായി. തളർന്നുപോയി. അല്ലെങ്കിൽ അവരേയും കൊല്ലുമായിരുന്നു’ എന്നാണ് അഫാന്റെ വെളിപ്പെടുത്തൽ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാനസികനില പരിശോധിച്ച മനോരോഗ വിദഗ്ദ്ധനോടാണ് പ്രതി ഇക്കാര്യം പറഞ്ഞത്. മനോരോഗ വിദഗ്ദ്ധൻ ഇത് പൊലീസിനെ അറിയിക്കുകയായിരുന്നു.