തിരുവനന്തപുരം: സംസ്ഥാന കലോത്സവത്തിന്റെ പ്രധാന വേദികളിലൊന്നായ കോട്ടൺഹിൽ ഹയർസെക്കൻഡറി സ്കൂളിൽ ഇന്ന് കഥകളി വിശേഷങ്ങളാണ്. രാവിലെ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ കഥകളി സിംഗിൾ മത്സരമാണ് നടന്നതെങ്കിൽ ഉച്ചയ്ക്കുശേഷം കഥകളി ഗ്രൂപ്പ് മത്സരമാണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ വർഷവും കഥകളി ഗ്രൂപ്പ് മത്സരത്തിന് എത്തിയ മൂന്നംഗ സംഘം ഇക്കുറിയും മാറ്റുരയ്ക്കാൻ വേദിയിലെത്തുന്നുണ്ട്. മത്സരച്ചൂട് മാത്രമല്ല ഏഴ് വർഷത്തെ സൗഹൃദത്തിന്റെ വിശേഷങ്ങളും മാന്നാറിലെ നായർ സമാജം സ്കൂളിലെ ദേവമാനസയ്ക്കും അഭിരാമിക്കും ജയലക്ഷ്മിക്കും പറയാനുണ്ട്.
മൂവരും പ്ലസ് ടു വിദ്യാർത്ഥികളാണ്. കൊല്ലത്ത് നടന്ന കലോത്സവത്തിലും എ ഗ്രേഡ് സ്വന്തമാക്കിയാണ് ഇവർ മടങ്ങിയത്. ആദ്യവട്ടം കുറച്ച് പരിഭ്രമത്തോടെയാണ് വന്നതെങ്കിൽ ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മൂവരും തലസ്ഥാനനഗരിയിലേക്ക് വണ്ടികയറിയത്. ശാസ്ത്രീയനൃത്തം മാത്രം പഠിച്ച അഭിരാമിക്കും ജയലക്ഷ്മിക്കും പൂർണപിന്തുണ നൽകിയിരിക്കുന്നത് ദേവമാനസയാണ്. ആറ് വർഷത്തിലേറെയായി കലോത്സവവേദികളിലെ സ്ഥിരം സാന്നിദ്ധ്യമാണ് മാന്നാർ സ്വദേശിനിയായ ദേവമാനസ.
ഇക്കുറി, കഥകളി സിംഗിൾ,ഗ്രൂപ്പ്,ചവിട്ടുനാടകം തുടങ്ങി നാലോളം മത്സരങ്ങളിലാണ് ദേവമാനസ പങ്കെടുക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നതിലുപരി സൗഹൃദമാണ് വലുതെന്ന് കരുതുന്നവരാണ് ദേവമാനസയും സുഹൃത്തുക്കളും. മൂവരും സോഷ്യൽമീഡിയയിൽ സ്ഥിരം സാന്നിദ്ധ്യമാണ്. പരിശീലന വേളകളിലെ ബോറടി മാറ്റുന്നതിന് ചില രസകരമായ വീഡിയോകളും ഇവർ ചെയ്യാറുണ്ട്. റീലുകൾ ചെയ്യുന്നത് സൗഹൃദം കൂട്ടുമെന്നാണ് മൂവരുടെയും അഭിപ്രായം. കലോത്സവത്തിൽ ഒരുമിച്ച് പങ്കെടുക്കാനും സൗഹൃദം തുടരാനും വേണ്ടി പത്താം ക്ലാസ് കഴിഞ്ഞപ്പോഴേ ഒരു സ്കൂൾ തന്നെ ഇവർ തിരഞ്ഞെടുക്കുകയായിരുന്നു.
കൂടെയുളളവർക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോഴും പരസ്പരം താങ്ങാവുന്നവരാണ് ദേവമാനസയും സുഹൃത്തുക്കളും. കലോത്സവ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന അവസാന വർഷമാണെന്ന സങ്കടവും ഇവർക്കുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]