തിരുവനന്തപുരം : ഏറ്റുവാങ്ങിയ ദുന്തത്തിൻെറ വേദനയിൽ നിന്ന് ഇനിയും മുക്തി നേടാത്ത വയനാട് വെള്ളാർമല സ്ക്കൂളിലെ ഏഴുകുട്ടികളുടെ സംഘനൃത്തമാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ശേഷം വേദിയിൽ അരങ്ങേറിയ ആദ്യപരിപാടി. തങ്ങളുടെ സമാധാന ജീവിതവും അതിലേക്ക് എത്തിയ മഹാദുരന്തവും തുടർന്നുള്ള അതിജീവനവുമാണ് കുട്ടികൾ വേദിയിൽ അവതരിപ്പിച്ചത്.’ചാരത്തിൽ നിന്നുയർത്തെഴുന്നേറ്റ്, ചിറകിൻ കരുത്തിൽ വാനിലുയരും’ എന്നുള്ളവരികൾ കാണികൾക്കും നൊമ്പരമായി.
നൃത്ത, താള, മേളാഘോഷങ്ങളാൽ പ്രതിഭകൾ മാറ്റുരയ്ക്കുന്ന 63-ാംമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തലസ്ഥാനത്ത് തിരശീലയുയർന്നു. അനന്തപുരി ഇനി രാപ്പകലുകൾ കൗരമാരകലയുടെ മേളങ്കത്താൽ ആനന്ദത്തിലാറാടും. അഞ്ചു നാൾ 25 വേദികളിലായി 249 ഇനങ്ങളിൽ 15000 കൗമാരപ്രതിഭകൾ സമാനതകളില്ലാതെ വിസ്മയം തീർക്കും. കലോത്സവ സ്വാഗതഗാനത്തിൽ രചയിതാവ് ശ്രീനിവാസൻ തൂണേരി കുറിച്ചതുപോലെ അക്ഷരാർത്ഥത്തിൽ ഇനി പ്രതിഭയുടെ മാമാങ്കത്തിനാകും അനന്തപുരി സാക്ഷിയാവുക. രാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ കേരളകലാമണ്ഡലത്തിലെയും പൊതുവിദ്യാലയങ്ങളിലെയും കുട്ടികൾ ചേർന്നവതരിപ്പിച്ച അതിമനോഹരമായ സ്വാഗത ഗാനത്തോടെയാണ് അരങ്ങുണർന്നത്. തനത് കലാരൂപങ്ങളുടെ അകമ്പടിയോടെ കേരള ചരിത്രത്തിലെ സുപ്രധാന ഏടുകൾ കോർത്തിണക്കിയ 10 മിനിട്ട് നീണ്ട ദൃശ്യാവിഷ്കരണം കേരളീയന്റെ ആത്മാഭിമാനം ഉയർത്തിപ്പിക്കുന്നതായി. കാവാലം ശ്രീകുമാറിന്റെ ഈണത്തിനൊത്ത് കാണികളും താളം പിടിച്ചു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൽവിളക്കിൽ തിരിതെളിച്ച് കലോത്സവത്തിന് ആരംഭം കുറിച്ചു.
മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ ഉൾപ്പെട്ട വെള്ളാർമല സ്കൂളിലെ കുട്ടികളുടെ കലാപ്രകടനവും അരങ്ങേറുന്ന ഈ കലോത്സവം അതിജീവനത്തിന്റെ നേർക്കാഴ്ച കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി.ആർ.അനിൽ,കെ.രാജൻ,എ.കെ.ശശീന്ദ്രൻ,വീണാ ജോർജ്,മേയർ ആര്യാ രാജേന്ദ്രൻ,ജോൺ ബ്രിട്ടാസ് എം.പി,എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ,വി.ജോയി,ആന്റണി രാജു,വി.കെ.പ്രശാന്ത്,ഐ.ബി.സതീഷ്,എം.വിൻസെന്റ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്,പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്,ജില്ലാ കളക്ടർ അനുകുമാരി തുടങ്ങിയവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]