ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ പല രാജ്യങ്ങളും ഡ്രോണുകൾ ഉപയോഗിച്ചുവരികയാണ്. ആ രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടാനൊരുങ്ങുകയാണ് ഇന്ത്യ. ശത്രുപാളയങ്ങളിൽ രഹസ്യ നീരീക്ഷണവും ലക്ഷ്യമിട്ട് ഇന്ത്യ ഒരുക്കുന്ന ആർച്ചർ ഡ്രോൺ ആദ്യ പരീക്ഷണ പറക്കലിന് തയ്യാറെടുക്കുകയാണ്.
ആർച്ചെർ ഡ്രോണിന്റെ ടാക്സി ട്രയലുകൾ നേരത്തെ പൂർത്തിയായിരുന്നു. ഹൈസ്പീഡ്, ലോസ്പീഡ് ടാക്സി ട്രയലുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെയാണ് മീഡിയം ആൾട്ടിട്ട്യൂഡ് ലോംഗ് എൻഡ്യുറൻസ് അൺമാൻഡ് ഏരിയൽ വെഹിക്കിൾ വിഭാഗത്തിൽ വരുന്ന ആർച്ചെർ ആദ്യ പരീക്ഷണ പറക്കലിനൊരുങ്ങുന്നത്. അടുത്തമാസമായിരിക്കാം പരീക്ഷണ പറക്കൽ എന്നാണ് സൂചന. ആർച്ചെർ നെക്സ്റ്റ് ജനറേഷനും ആർച്ചെർ ഷോർട്ട് റേഞ്ച് ഡ്രോണുമാണ് പരീക്ഷണ പറക്കലിനൊരുങ്ങുന്നത്. ഇവയുടെ ദൂരപരിധിയിൽ വ്യത്യാസമുണ്ട്.
നിലവിൽ റഷ്യ, അമേരിക്ക, ചൈന, തുർക്കി, ഇസ്രയേൽ എന്നീ രാജ്യങ്ങളിൽ പ്രതിരോധ മേഖലകളിൽ ഡ്രോൺ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ട്. ആർച്ചെറിന്റെ പരീക്ഷണ പറക്കൽ വിജയമായാൽ ഇന്ത്യയും ഈ രാജ്യങ്ങൾക്കൊപ്പമെത്തും.
റസ്റ്റം 2 എന്നായിരുന്നു ആദ്യം ഈ പദ്ധതി അറിയപ്പെട്ടിരുന്നത്. 1.8 ടൺ ഭാരമാണ് ആർച്ചെറിന് ഉള്ളത്. 400 കിലോ പേലോഡുകൾ വഹിക്കാനാകും. തുടർച്ചയായി ഇരുപത്തിനാല് മണിക്കൂർ 30,000അടി ഉയരത്തിൽ പറക്കാനാകും. തപസ് എന്ന പേരിൽ മറ്റൊരു ഡ്രോൺ കൂടി തയ്യാറാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.