ബാങ്കോക്ക്: 20 ലക്ഷം ഡോളറിലേറെ വിലമതിക്കുന്ന 200ലേറെ ഡിസൈനർ ബാഗുകൾ. ഏകദേശം 50 ലക്ഷം ഡോളർ മൂല്യമുള്ള 75 ആഡംബര വാച്ചുകൾ…തായ്ലൻഡ് പ്രധാനമന്ത്രി പേതോംഗ്താൻ ഷിനവത്രയുടെ (38) 40 കോടി ഡോളർ ആസ്തിയിൽ ഉൾപ്പെടുന്നവയാണ് ഇവ. കഴിഞ്ഞ ദിവസമാണ് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ പേതോംഗ്താൻ ദേശീയ അഴിമതി വിരുദ്ധ കമ്മിഷൻ മുമ്പാകെ സ്വത്ത് വിവരങ്ങൾ സമർപ്പിച്ചത്. ഏകദേശം 32 കോടി ഡോളറിന്റെ നിക്ഷേപവും ലണ്ടനിലും ജപ്പാനിലും ഭൂമിയും ബിസിനസുകാരി കൂടിയായ പേതോംഗ്താനുണ്ട്. മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയുടെ മകളായ പേതോംഗ്താൻ ആഗസ്റ്റിലാണ് ചുമതലയേറ്റത്. ഐ.ടി, ടെലിക്കമ്മ്യൂണിക്കേഷൻസ് ഭീമനായ ഷിൻ കോർപറേഷന്റെ സ്ഥാപകനായ തക്സിൻ രാജ്യത്തെ സമ്പന്നരിൽ പത്താം സ്ഥാനത്താണ്. അതേ സമയം, തായ് പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെ വനിതയാണ് പേതോംഗ്താൻ. പേതോംഗ്താനിന്റെ പിതൃസഹോദരി യിംഗ്ലക്ക് ഷിനവത്രയാണ് രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി.