ഡമാസ്കസ്: സെപ്തംബറിൽ പടിഞ്ഞാറൻ സിറിയയിൽ നടത്തിയ ആക്രമണത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് ഇസ്രയേൽ. ഹമാ പ്രവിശ്യയിലെ മസ്യാഫ് പട്ടണത്തിന് സമീപം ഇറാന്റെ നിയന്ത്രണത്തിലുള്ള ഭൂഗർഭ മിസൈൽ നിർമ്മാണ കേന്ദ്രം ഇസ്രയേൽ തകർത്തിരുന്നു. രാജ്യത്തിന് പുറത്ത് നടത്തുന്ന ആക്രമണങ്ങളിൽ അപൂർവമായാണ് ഇസ്രയേൽ പ്രതികരിക്കുക.
സെപ്തംബർ 8ന് 120 സ്പെഷ്യൽ കമാൻഡോകളും 40ലേറെ ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉൾപ്പെട്ട ഇസ്രയേലി സംഘമാണ് ദൗത്യം നടപ്പാക്കിയത്. വർഷങ്ങളായുള്ള ആസൂത്രണത്തിന്റെയും നിരീക്ഷണത്തിന്റെയും ഫലമായിരുന്നു ആക്രമണം. ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളുടെ ശക്തി കേന്ദ്രമായ ഇവിടെ നിന്ന് ലെബനനിലെ ഹിസ്ബുള്ള ഭീകരർക്കും മിസൈലുകൾ വിതരണം ചെയ്തിരുന്നു. മൂന്ന് മണിക്കൂർ നീണ്ട ദൗത്യം വിജയകരമായി പൂർത്തിയാക്കിയെന്നും ഒരു കമാൻഡോയ്ക്ക് പോലും പരിക്കേറ്റില്ലെന്നുമാണ് ഇസ്രയേലിന്റെ വാദം. ആക്രമണത്തിൽ 30ഓളം സിറിയൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ പറയുന്നത്. എന്നാൽ, 14 പേർ മരിച്ചെന്നാണ് സിറിയയുടെ കണക്ക്. ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ വിമത സേന അധികാരം പിടിച്ചെടുക്കുന്നതിന് മുന്നേയായിരുന്നു ഇസ്രയേലിന്റെ ആക്രമണം.